News - 2024
ബൈബിള്‍ പ്രചാരണവുമായി മലാവി വൈസ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 11-11-2017 - Saturday
ലിലോഗ്വേ: തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കത്തോലിക്കര്‍ അറിവുള്ളവരായിരിക്കണമെന്നും, മറ്റുള്ളവരുടെ പ്രത്യേകിച്ച് ഇതരസഭകളില്‍ നിന്നുമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും തെക്കുകിഴക്കേ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ വൈസ് പ്രസിഡന്റ് ഡോ. സൗലോസി ചിലിമാ. തലസ്ഥാനമായ ലിലോഗ്വേയിലെ സെന്റ് ഇഗ്നേഷ്യസ് കത്തോലിക്കാ ദേവാലയത്തിലെ ധനസമാഹരണത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനസമാഹരണ കമ്മിറ്റി അംഗവും, മലാവിയിലെ പാസ്റ്ററല്‍ കമ്മീഷന്‍ ഓഫ് ദി എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (ECM) പുറത്തിറക്കിയ പുതിയ ചോദ്യോത്തര ബൈബിളിന്റെ അംബാസിഡര്‍ കൂടിയാണ് ഡോ. സൗലോസി ചിലിമാ. ഈ ബൈബിള്‍ പ്രത്യേകതയുള്ള ഒരു ബൈബിളാണെന്നും 88 ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും, അവയോട് ബന്ധപ്പെട്ട ബൈബിള്‍ വാക്യങ്ങളുടെ പരാമര്‍ശങ്ങളും ഇതിലുണ്ടെന്നും പുതിയ ചോദ്യോത്തര ബൈബിള്‍ വാങ്ങിക്കുവാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥ പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യമൊഴിച്ചാല്‍ പ്രസ്തുത ബൈബിളിന് മറ്റ് ബൈബിളുകളില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ വിശ്വാസത്തെയും പ്രമാണങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ നല്‍കുന്ന പുതിയ ചോദ്യോത്തര ബൈബിളിന് ഇതിനോടകം തന്നെ വന്‍ സ്വീകാര്യതയാണ് വിശ്വാസികളില്‍ നിന്നും ലഭിക്കുന്നത്. തന്റെ വിലപ്പെട്ട സമയം ഇത്തരമൊരു പരിപാടിക്ക് നീക്കി വെച്ചതിനും, മറ്റുള്ളവര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നതിനും സെന്റ് ഇഗ്നേഷ്യസ് പാരിഷ് കൗണ്‍സില്‍ ചെയര്‍മാനായ മോണ്‍സിഞ്ഞോര്‍ ജോസഫ് ചംബുലൂകാ ഡോ. ചിലിമായേ അഭിനന്ദിച്ചു.