News

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 13-11-2017 - Monday

കാഞ്ഞിരപ്പള്ളി: പ്രാര്‍ത്ഥനകളാലും സ്തുതിഗീതങ്ങളാലും ധന്യമായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ ദ്വിതീയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരുന്നു. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പു വണക്കത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്.

ഉച്ചകഴിഞ്ഞു രണ്ടിന് മഹാജൂബിലി പാരിഷ് ഹാളില്‍ നിന്നു സഭാമേലധ്യക്ഷന്മാരും വൈദികരും പ്രദക്ഷിണമായി നിയുക്ത മെത്രാനെയും കാര്‍മികരെയും കത്തീഡ്രലിലേക്ക് ആനയിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളും മുത്തുക്കുടകളും വര്‍ണാഭമാക്കിയ കത്തീഡ്രല്‍ അങ്കണത്തില്‍ വിശ്വാസികള്‍ കൂപ്പുകരങ്ങളോടെ സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുന്നോടിയായി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. മെത്രാന്‍ നിയമന ഉത്തരവ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു.

രക്തംകൊണ്ടു ക്രിസ്തുവിനു സാക്ഷ്യം നല്‍കി കടന്നുപോയവരെ അനുസ്മരിച്ച് നവ ഇടയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകളെ വന്ദിച്ചു. തുടര്‍ന്ന് വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി വിശ്വാസപ്രഖ്യാപനം ചൊല്ലി തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. പ്രാര്‍ത്ഥനകള്‍ക്കും സങ്കീര്‍ത്തനാലാപനങ്ങള്‍ക്കും ശേഷം മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ മാത്യു അറയ്ക്കലും നിയുക്ത മെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ചു സുവിശേഷ ഗ്രന്ഥം സമര്‍പ്പിച്ചു. തുടര്‍ന്നുള്ള നാലു കാനോന പ്രാര്‍ഥനയോടുകൂടി മെത്രാഭിഷേകത്തിന്റെ പ്രധാന ഘട്ടം സമാപിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനു സ്ഥാനചിഹ്നങ്ങളായ മുടിയും (തൊപ്പി) അംശവടിയും കൈസ്ലീവയും നല്‍കി. അഭിഷിക്തനായ നവമെത്രാനെ മെത്രാന്മാര്‍ സഹവര്‍ത്തിത്വത്തിന്റെ അടയാളമായി ആശ്ലേഷിച്ചു.

മാര്‍ വാണിയപ്പുരയ്ക്കലിന്റെ ജ്യേഷ്ഠസഹോദരന്‍ ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച്ഡീക്കനായിരുന്നു. ഫാ. ജോസ് മാത്യു പറപ്പള്ളില്‍ തിരുക്കര്‍മങ്ങളുടെ വിവരണം നടത്തി. നവാഭിഷിക്തന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിമധ്യേ കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കി. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ഡോ സാന്ദ്രിയുടെ സന്ദേശം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ.ഡോ. ജോസ് ചിറമ്മല്‍ വായിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, യൂഹനോന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, യൂഹനോന്‍ മാര്‍ തെയോഡോഷ്യസ്, ഡോ.അലക്സ് വടക്കുംതല, ഏബ്രഹാം മാര്‍ യൂലിയോസ്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസഫ് കുന്നത്ത്, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ അപ്രേം നരികുളം, മാര്‍ ജോസഫ് പാംപ്ലാനിയില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, വിന്‍സെന്റ് മാര്‍ പൗലോസ്, നിയുക്ത ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, നിയുക്ത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പുഴോലിപ്പറമ്പില്‍ എന്നിവര്‍ മെത്രാഭിഷേക തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് അനുമോദനമറിയിച്ചു.


Related Articles »