News - 2024

യൂറോപ്പിന് മുന്നില്‍ വീണ്ടും പോളണ്ടിന്റെ ശക്തമായ സാക്ഷ്യം

സ്വന്തം ലേഖകന്‍ 13-11-2017 - Monday

വാര്‍സോ: പ്രോലൈഫ് വിരുദ്ധ നിലപാടിനെയും ജനസംഖ്യാ നിയന്ത്രണത്തെയും പ്രോത്സാഹിപ്പിക്കുന്ന യൂറോപ്പിന് മുന്നില്‍ ശക്തമായ സാക്ഷ്യവുമായി പോളണ്ട്. രാജ്യം നേരിടുന്ന ജനനനിരക്കിലെ കുറവ് പരിഹരിക്കുന്നതിനായി ദമ്പതികള്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കണമെന്ന ആഹ്വാനവുമായി പോളിഷ് സര്‍ക്കാര്‍ പ്രത്യേക പരസ്യമാണ് പുറത്തിറക്കിയിരിക്കുന്നത്. ജനനനിരക്ക് പരിഹരിക്കുവാന്‍ ജര്‍മ്മനി പോലെയുള്ള രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ സ്വന്തം പൗരന്‍മാരെക്കൊണ്ട് പ്രശ്നം പരിഹരിക്കുവാന്‍ പോളിഷ് ഗവണ്‍മെന്‍റ് സ്വീകരിച്ച നടപടി ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

ദമ്പതികളോട് മുയലുകളെപോലെ പ്രത്യുല്‍പ്പാദനം നടത്തുവാനാണ് പോളിഷ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പരസ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും മാതാപിതാക്കളാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുയലുകളെ മാതൃകയാക്കുവാന്‍ ഒരു മുയല്‍ ഉപദേശിക്കുന്നതാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തിന്റെ സാരാംശം. ആരോഗ്യപരമായ വ്യായാമം, ആരോഗ്യപരമായ ആഹാരം എന്നിവ പിന്തുടരുവാനും പരസ്യം കാഴ്ചക്കാരോട്‌ ആഹ്വാനം ചെയ്യുന്നു. 2015-ലെ കണക്കനുസരിച്ച് പോളണ്ടിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.32 കുട്ടികള്‍ എന്ന നിരക്കിലാണ്.

പ്രത്യുല്‍പ്പാദനത്തിന്റെ കുറവിന്റെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്ത് പോളണ്ടാണ്. പോളണ്ടിന് മുന്നിലുള്ളത് പോര്‍ച്ചുഗലാണ്. 1960-ലെ വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച് പോളണ്ടിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 3 കുട്ടി എന്ന തോതിലായിരുന്നു. പ്രോലൈഫ് വിരുദ്ധ നിലപാടിന്റെ അലയൊലികള്‍ യൂറോപ്പില്‍ മുഴുകുമ്പോള്‍ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ പോളണ്ടിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ കാണുന്നത്. കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം രാജ്യത്ത് കൂടിക്കൊണ്ടിരുന്നതിനാല്‍ ഡെന്മാര്‍ക്കും ഇതിനു സമാനമായൊരു നടപടി കൈകൊണ്ടിരുന്നു.


Related Articles »