News

മാര്‍പാപ്പയ്ക്കു ലഭിച്ച ലംബോര്‍ഗിനി ഇറാഖിലെ ക്രൈസ്തവരുടെ കണ്ണീരൊപ്പും

സ്വന്തം ലേഖകന്‍ 16-11-2017 - Thursday

വത്തിക്കാന്‍ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ പുതുപുത്തന്‍ കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. ഇന്നലെ രാവിലെ (നവംബര്‍ 15) ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് ഇറ്റലിയില്‍ ബൊളോ‍ഞ്ഞയ്ക്കടുത്ത് സാന്‍ ആഗതയിലുള്ള കാര്‍ കമ്പനി മൂന്നു കോടിയോളം വിലയുള്ള ലംബോര്‍ഗിനി ഹൂറക്കാന്‍ മോഡല്‍ കാര്‍ പാപ്പായ്ക്ക് സമ്മാനിച്ചത്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മാനേജര്‍ സ്റ്റേപനോ ദൊമിനിക്കാലിയും സംഘവുമാണ് പാപ്പയ്ക്ക് ആഡംബര കാറുമായി വത്തിക്കാനില്‍ എത്തിയത്.

കാറില്‍ തന്റെ ഒപ്പ് പതിപ്പിച്ച പാപ്പ ഉടന്‍ തന്നെ വെഞ്ചിരിച്ചു. ആഡംബര കാര്‍ ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി. ഇതില്‍ നിന്നു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുവാനാണ് തീരുമാനം. ലേലം ചെയ്യുന്നതിന് സോത്ത്ബെയ്സ് എന്ന കമ്പനിയെയാണ് നിയമിച്ചിരിക്കുന്നത്. 2014ല്‍ മാര്‍പാപ്പയ്ക്കു സമ്മാനമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനായി ലേലത്തില്‍ വില്‍ക്കുകയായിരുന്നു. നിലവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിക്കുന്നത് നീലനിറമുള്ള ഫോര്‍ഡ് ഫോക്കസാണ്.


Related Articles »