News - 2024

അമേരിക്കന്‍ പ്രോലൈഫ് മുന്നേറ്റത്തിന് പുതുശക്തി പകരാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍

സ്വന്തം ലേഖകന്‍ 16-11-2017 - Thursday

ബാള്‍ട്ടിമോര്‍: ജീവന്റെ മഹത്വത്തെ ആഗോള തലത്തില്‍ പ്രഘോഷിക്കുവാന്‍ അമേരിക്കയിലെ മെത്രാന്‍ സമിതി കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയായ ജോസഫ് നൗമാനെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. നവംബര്‍ 14 ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് ആദ്യമായാണ് അമേരിക്കയിലെ മെത്രാന്‍മാര്‍ കര്‍ദ്ദിനാളല്ലാത്ത ഒരാളെ പ്രോലൈഫ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കുന്നത്. പ്രോലൈഫ് കമ്മിറ്റിയിലെ അംഗമായിരുന്ന ജോസഫ് നൗമാന്‍ മെത്രാപ്പോലീത്താക്ക് ലഭിച്ചത് അപ്രതീക്ഷിത വിജയമാണെന്നാണ് സി‌എന്‍‌എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരഞ്ഞെടുപ്പില്‍ 96 (54%) വോട്ടുകള്‍ നൗമാന്‍ മെത്രാപ്പോലീത്താക്ക് ലഭിച്ചപ്പോള്‍, മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്ന ഷിക്കാഗോയിലെ കര്‍ദ്ദിനാളായ ബ്ലേസ് കൂപ്പിക്കിന് 82 (46%) വോട്ടുകളാണ് ലഭിച്ചത്. തന്റെ സന്ദേശങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായി സംസാരിച്ച ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാനെ കാന്‍സാസിലെ അബോര്‍ഷനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായകമായ നേതൃത്വമാണ് നല്‍കിയത്.

യുവ പുരോഹിതനായിരിക്കുമ്പോള്‍ തന്നെ സെന്റ്‌ ലൂയീസ് അതിരൂപതയിലെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. നേരത്തെ അബോര്‍ഷന് വിധേയരായവരെ സഹായിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന ‘റേച്ചല്‍ മിനിസ്ട്രി’ എന്ന പദ്ധതി നടപ്പിലാക്കിയത് ബിഷപ്പ് നൗമാനെയുടെ നേതൃത്വത്തിലായിരുന്നു.

ആര്‍ച്ച് ബിഷപ്പ് നൗമാനെയുടെ നേതൃത്വത്തിലുള്ള പുതിയ പ്രോലൈഫ് സമിതി ജീവന്റെ മഹത്വത്തെ ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുവാന്‍ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് ഭരണകൂടം ശക്തമായ പ്രോലൈഫ് നയം സ്വീകരിച്ചത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും കരുതപ്പെടുന്നു. മെത്രാന്‍മാരായ ഫെലിപെ എസ്റ്റെവേസ്, ഫാബ്രെ, റോഡ്‌സ്, എഡ്വേര്‍ഡ് ബേണ്‍സ്, മെത്രാപ്പോലീത്തമാരായ ബെര്‍ണാര്‍ഡ് ഹെബ്ഡാ, തോമസ്‌ വെന്‍സ്കി എന്നിവര്‍ കത്തോലിക്കാ റിലീഫ് സര്‍വീസസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

ഇതേ ദിവസം തന്നെ കോണ്‍ഫറന്‍സ് സെക്രട്ടറിയുടയും, അഞ്ചോളം അനുബന്ധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പും നടന്നു. ഡെട്രോയിറ്റിലെ മെത്രാപ്പോലീത്തയായ അല്ലെന്‍ വിഗ്നെറോണാണ് കോണ്‍ഫറന്‍സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. മതസ്വാതന്ത്ര്യ കമ്മിറ്റി ചെയര്‍മാനായി ലൂയിസ്വില്ലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് കുര്‍ട്സും കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി ചെയര്‍മാനായി ബിഷപ്പ് മൈക്കേല്‍ ബുര്‍ബിഡ്ജും സഭയിലെ കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി കമ്മിറ്റി തലവനായി ബിഷപ്പ് നെല്‍സണ്‍ പെരെസും സൈദ്ധാന്തിക കമ്മിറ്റി തലവനായി ബിഷപ്പ് കെവിന്‍ റോഡ്സ് കളക്ഷന്‍ കമ്മിറ്റ് തലവനായി ജോസഫ് ക്രിസ്റ്റോണ്‍ മെത്രാനും തിരഞ്ഞെടുക്കപ്പെട്ടു.


Related Articles »