News - 2024

ഈജിപ്ഷ്യൻ ഗവണ്‍മെന്‍റ് അടച്ചുപൂട്ടിയ ദേവാലയങ്ങൾ തുറക്കാൻ യുഎൻ സമ്മർദ്ധം

സ്വന്തം ലേഖകന്‍ 17-11-2017 - Friday

കെയ്റോ: കോപ്റ്റിക് ക്രൈസ്തവരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് അടച്ചുപൂട്ടിയ ദേവാലയങ്ങൾ തുറന്ന് കൊടുക്കാൻ ഈജിപ്ഷ്യൻ ഗവൺമെന്റിന് മേൽ യുഎൻ സമ്മർദ്ധം. ദേവാലയങ്ങൾ അടച്ചു പൂട്ടുന്ന സർക്കാർ നയത്തെയാണ് യു.എൻ നിയമ വിദഗ്ധൻ ചോദ്യം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചു ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഭാഗം ഹൈക്കമ്മീഷൻ അംഗമായ ജോസഫ് മാലക്ക് ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായേലിന് ഔദ്യോഗിക മുന്നറിയിപ്പ് നൽകി.

ദേവാലയങ്ങള്‍ അടച്ചുപൂട്ടൂന്നത് അവസാനിപ്പിക്കണമെന്നും അടച്ച ദേവാലയങ്ങള്‍ തുറക്കണമെന്നും കാണിച്ചു അലക്സാണ്ട്രിയ ഗവർണർക്കും ഈജിപ്ഷ്യൻ ആഭ്യന്തര വകുപ്പിനും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്. ഈജിപ്ഷ്യൻ ഭരണഘടന വകുപ്പ് പ്രകാരം രാജ്യത്തെ ക്രൈസ്തവ ആരാധനാലയങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്നവയാണെന്ന് മാലക്ക് ചൂണ്ടി കാണിച്ചതായി അൽ മസറി അൽ യോം ദിനപത്രം റിപ്പോർട്ട് ചെയ്തു.

മിന്യാ, സോഹാഗ്, അലക്സാണ്ട്രിയ തുടങ്ങിയ രാജ്യത്തെ എല്ലാ ദേവാലയങ്ങളും തുറന്നുകൊടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കോപ്റ്റിക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പും ഭരണകൂടത്തെ വിശ്വാസികളുടെ ആവശ്യം അറിയിച്ചിട്ടുണ്ട്. തെക്കൻ ഈജിപ്റ്റിലെ മിന്യായിൽ കഴിഞ്ഞ മാസം മാത്രം നാല് ദേവാലയങ്ങളാണ് അടച്ചുപൂട്ടിയത്. കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നതും അവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുന്നതും ഈജിപ്തില്‍ പതിവായിരിക്കുകയാണെന്ന് മിന്യാ പ്രവിശ്യയിലെ കോപ്റ്റിക്ക് മെത്രാപ്പോലീത്ത മകാരിയൂസ് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.


Related Articles »