News - 2024

തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫ്രാന്‍സില്‍ കോടതി വിലക്ക്

സ്വന്തം ലേഖകന്‍ 20-11-2017 - Monday

പാരീസ്: പൊതു കെട്ടിടങ്ങളില്‍ ക്രിസ്തുമസ് തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ലായെന്ന വിവാദ ഉത്തരവുമായി ഫ്രഞ്ച് കോടതി. ഫ്രഞ്ച് സര്‍ക്കാറിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ച് നിയമോപദേഷ്ടാവ്, ഭരണപരമായ നീതിയുടെ സുപ്രീം കോടതി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റാണ് അസാധാരണമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സാംസ്കാരികമോ, കലാപരമോ ആയ ഉദ്ദേശങ്ങള്‍ക്ക് മാത്രമേ പ്രദര്‍ശനം പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. 2014-ല്‍ ബെസിയേഴ്സിലെ മേയറായ റോബര്‍ട്ട് മെനാര്‍ഡ് ടൗണ്‍ ഹാളില്‍ തിരുപിറവിയുടെ ദൃശ്യം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ ചിലര്‍ പരാതി ഉയര്‍ത്തിയിരിന്നു. ഇതിനെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മതസ്വാതന്ത്ര്യത്തെ ഹനിച്ചു കോടതി വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഇക്കൊല്ലവും തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കുമെന്നു മെനാര്‍ഡ് പറഞ്ഞു.

തന്റെ നഗരം അതിന്റെ സംസ്കാരത്തില്‍ നിന്നും ഒരിക്കലും വ്യതിചലിക്കുകയില്ലെന്ന് മെനാര്‍ഡ് തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി. ക്രൈസ്തവ വിരുദ്ധമായ സമീപനവുമായി നിലകൊള്ളുന്ന ഫ്രാന്‍സിലെ കോടതികള്‍ നേരത്തെയും മാധ്യമങ്ങളില്‍ ഇടം നേടിയിരിന്നു. പ്ലോയര്‍മേല്‍ നഗരത്തിലുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ രൂപം നീക്കം ചെയ്യുവാന്‍ ഫ്രാന്‍സിലെ ഉന്നത കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്.

ഉത്തരവിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം തന്റെ രാജ്യത്തേക്ക് സ്വീകരിക്കാന്‍ തയാറാണെന്ന് പോളണ്ടിലെ പ്രധാനമന്ത്രിയായ ബിയാറ്റാ സിഡ്ലോ വ്യക്തമാക്കിയിരിന്നു. ഇതിനിടെയാണ് പുതിയ വിവാദ ഉത്തരവ്. മതനിരപേക്ഷതയുടേയും, രാഷ്ട്രീയ ശുദ്ധീകരണത്തിന്റേയും പേരില്‍ ഫ്രാന്‍സില്‍ ക്രൈസ്തവ വിശ്വാസത്തിനു നേര്‍ക്ക് നടന്നുവരുന്ന അന്യായമായ നടപടികള്‍ രാജ്യത്തിന് കളങ്കം വരുത്തുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.


Related Articles »