India - 2024

താല്‍പര്യത്തോടെ വിശുദ്ധ ഗ്രന്ഥം തുറക്കുന്നത് സ്വര്‍ഗം തേടുന്ന പ്രവൃത്തി: ബിഷപ്പ് സാമുവല്‍ ഐറേനിയോസ്

സ്വന്തം ലേഖകന്‍ 25-11-2017 - Saturday

തിരുവനന്തപുരം: താല്പര്യത്തോടെ വിശുദ്ധ ഗ്രന്ഥം തുറക്കുന്നത് സ്വര്‍ഗം തേടുന്ന പ്രവൃത്തിയാണെന്നും സ്വര്‍ഗത്തിന്റെ ദൂതിനോട് ആഭിമുഖ്യം പുലര്‍ത്തിയാലേ തുടര്‍ന്നും സ്വര്‍ഗ സന്ദേശം ലഭിക്കുകയുള്ളൂവെന്നും തിരുവനന്തപുരം മേജര്‍ മലങ്കര അതിരൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്. യൂണൈറ്റഡ് ക്രിസ്ത്യന്‍മൂവ് മെന്റിന്റെ (യുസിഎം) ആഭിമുഖ്യത്തില്‍ പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ ഹാളില്‍ നടന്ന വാര്‍ഷിക ഐക്യ കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താല്പര്യത്തോടെ വേദപുസ്തകം തുറക്കുന്നത് സ്വര്‍ഗം തേടുന്ന പ്രവൃത്തിയാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം നല്‍കാന്‍ സ്വര്‍ഗം തുറക്കുന്നു. സ്വര്‍ഗത്തിന്റെ ദൂതിനോട് അഭിമുഖ്യം കാണിച്ചാലേ തുടര്‍ന്നും സ്വര്‍ഗ സന്ദേശം ലഭിക്കുകയുള്ളൂ. ജീവിതത്തില്‍ നമുക്ക് മനസിലാകാത്ത ഏടുകളുണ്ട്. കുട്ടികളില്‍ നിന്നുപോലും സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. സഹജീവികളോട് ചേര്‍ന്നു നടക്കുമ്പോള്‍ അവരുടെ നിലവിളികളും നെടുവീര്‍പ്പുകളും ശ്രവിക്കാന്‍ കഴിയും.

വിജനപാതയില്‍ ഒറ്റപ്പെട്ടവരായി സഞ്ചരിക്കുന്നവരുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവരുണ്ട്. വിജന പാതയിലൂടെ സഞ്ചരിക്കുന്നവര്‍ പ്രത്യേക പരിഗണന വേണ്ടവരാണെന്നും സഹായ മെത്രാന്‍ പറഞ്ഞു. സമ്മേളനത്തില്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ പോള്‍ മറ്റമന അധ്യക്ഷത വഹിച്ചു. റവ. മാത്യു കെ. ജാക്‌സണ്‍ വചന സന്ദേശം നല്‍കി. യുസിഎം ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. റവ. ഗ്ലാസ്റ്റണ്‍, യുസിഎം പ്രസിഡന്റ് ഡോ. തോമസ് ഫിലിപ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »