News - 2024

അമേരിക്കയിലെ സാത്താനിക അടയാളം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകന്‍ 29-11-2017 - Wednesday

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ബോക്കാ റാട്ടണിലെ സാന്‍ബോണ്‍ സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന സാത്താനിക അടയാളം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. 'അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ്‌ ഓഫ് ട്രഡീഷന്‍, ഫാമിലി ആന്‍ഡ്‌ പ്രോപ്പര്‍ട്ടി' (TFP) എന്ന സംഘടനയാണ് പരസ്യമായ ദൈവനിന്ദക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ തരംതാഴ്ത്തിയും കുരിശ് രൂപത്തെ അപമാനിച്ചും സ്ഥാപിച്ചിരിക്കുന്ന സാത്താനിക അടയാളം നീക്കം ചെയ്യാന്‍ ബോക്കാ റാട്ടണ്‍ സിറ്റി അധികാരികളെ സമീപിച്ചിരിക്കുകയാണ് സംഘടന. തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന ഭീമഹര്‍ജിയില്‍ ഒപ്പിടുവാനും സംഘടന ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡിസംബര്‍ മാസങ്ങളില്‍ ക്രിസ്തുമസ്സിന്റെ ആഗമനം വിളിച്ചോതുവാനായി പ്രദേശവാസികള്‍ സാന്‍ബോണ്‍ സ്ക്വയറില്‍ തിരുപ്പിറവിയുടെ ദൃശ്യങ്ങള്‍ ഒരുക്കുക പതിവായിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് മിഡില്‍ സ്കൂള്‍ ഭാഷാ അദ്ധ്യാപകനായ പ്രെസ്റ്റോണ്‍ സ്മിത്ത്‌ എന്ന വ്യക്തി “സാത്താനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” “കുട്ടികള്‍ സാത്താനെ മഹത്വപ്പെടുത്തട്ടെ” എന്നെഴുതിയ 5 ഇതളുകളോട് കൂടിയ നക്ഷത്ര ചിഹ്നം സാത്താന്റെ പ്രതീകമായി ഇവിടെ സ്ഥാപിക്കുകയായിരിന്നു. ഇത് പരസ്യമായ ദൈവനിന്ദയാണെന്നു ടി‌എഫ്‌പി അധികൃതര്‍ വ്യക്തമാക്കി.

സാത്താനിക അടയാളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു വരുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. എന്നാല്‍ സാന്‍ബോണ്‍ സ്ക്വയറില്‍ തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കുന്നതിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു കലാ പ്രദര്‍ശനം മാത്രമാണ് തന്റെ പ്രദര്‍ശനം എന്നാണ് പ്രെസ്റ്റോണ്‍ സ്മിത്ത്‌ പറയുന്നത്. ദൃശ്യ പ്രദര്‍ശനങ്ങള്‍ കുറ്റകരമാണെങ്കിലും, അനാവശ്യമായ നിയമകുരുക്കിലേക്ക് വലിച്ചിഴക്കുന്നതുകൊണ്ട് തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യുവാന്‍ കഴിയില്ലായെന്നാണ് ബോക്കാ റാട്ടണിലെ ഡെപ്യൂട്ടി മേയറായ ജെറമി റോഡ്രിഗസ് പറയുന്നത്.

ക്രിസ്തുമസ് അടക്കമുള്ള അവധിക്കാലങ്ങളില്‍ സാത്താന്‍ ആരാധകര്‍ ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും അപമാനിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇതിനെ സാധൂകരിക്കുന്നതാണ് സാന്‍ബോണ്‍ സ്ക്വയറിലെ സാത്താനിക പ്രദര്‍ശനം. അതേസമയം ഇതിനെതിരെയുള്ള പരാതിയില്‍ ഇതിനോടകം തന്നെ 44,000-ത്തോളം ആളുകള്‍ ഒപ്പിട്ടുണ്ട്.


Related Articles »