News

ഇറാഖിലെ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി നൈറ്റ്സ് ഓഫ് കൊളംബസ്

സ്വന്തം ലേഖകന്‍ 30-11-2017 - Thursday

വാഷിംഗ്ടണ്‍: ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ കണ്ണീരൊപ്പാന്‍ സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് വീണ്ടും രംഗത്ത്. ഇര്‍ബില്‍ അതിരൂപതയിലെ ഭവനരഹിതരായ ക്രൈസ്തവര്‍ക്കു ക്രിസ്തുമസ് കാലത്ത്‌ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്. പത്തുലക്ഷം ഡോളറിന്റെ ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുക. ചൊവ്വാഴ്ച വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലൂടെ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സി‌ഇ‌ഓ കാള്‍ ആന്‍ഡേഴ്സനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമിക്‌ സ്റ്റേറ്റ്സിന്റെ അധിനിവേശം മൂലം നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഏതാണ്ട് 15,000-ത്തോളം കുടുംബങ്ങള്‍ക്കാണ് ഈ സഹായം ലഭ്യമാകുക. കല്‍ദായ അതിരൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദാ വഴിയാണ് ഈ സഹായം വിതരണം ചെയ്യുന്നത്. ബിഷപ്പ് ബാഷര്‍ വര്‍ദായും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരിന്നു.

കുര്‍ദ്ദിഷ് മേഖലയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയെ തുടര്‍ന്ന് ഇറാഖി ഗവണ്‍മെന്റ് കുര്‍ദ്ദിഷ് വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സഹായമെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഇറാഖിലെ മതന്യൂനപക്ഷങ്ങളുടെ പുനരധിവാസത്തിനായി തങ്ങള്‍ നേരിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റിനും, വൈസ്‌ പ്രസിഡന്റിനും നന്ദി അറിയിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ ഇര്‍ബില്‍ അതിരൂപതയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അതിരൂപതക്ക് 20 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ധനസഹായവും നൈറ്റ്സ് ഓഫ് കൊളംബസ് നല്‍കിയിരുന്നു. നേരത്തെ ഹംഗറി ഗവണ്‍മെന്റ് നല്‍കിയ 20ലക്ഷം ഡോളറിന്റെ ധനസഹായത്താലാണ് ഒക്ടോബര്‍ അവസാനത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണമായ ടെല്‍സ്കഫിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.


Related Articles »