Arts

മരിയൻ സന്ദേശങ്ങളുടെ പ്രസക്തി വെളിപ്പെടുത്തുന്ന ഹൃസ്വ ചലച്ചിത്രവുമായി നൈറ്റ്സ് ഓഫ് കൊളംബസ്

പ്രവാചകശബ്ദം 21-12-2022 - Wednesday

ന്യൂയോര്‍ക്ക്: മരിയൻ സന്ദേശങ്ങളുടെ പ്രസക്തി വെളിപ്പെടുത്തുന്ന ഹൃസ്വ ചലച്ചിത്രവുമായി കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. 'ഔർ ലേഡി ഓഫ് ഗ്വാഡലുപ്പ: വുമൺ ഓഫ് ദി യൂക്കരിസ്റ്റ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിശ്വാസികളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന മാതൃസ്നേഹമാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. ഗ്വാഡലുപ്പ മാതാവിനോടുളള പ്രാർത്ഥനയിലൂടെയും, ഭക്തിയിലൂടെയും കത്തോലിക്ക വിശ്വാസികൾ എങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നുവെന്ന കാര്യമാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് നൈറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് പദവി വഹിക്കുന്ന പാട്രിക് കെല്ലി പറഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തോട്, കർത്താവിന്റെ അമ്മ എന്ന നിലയിലും, നമ്മുടെ അമ്മ എന്ന നിലയിലും ഭക്തി പ്രകടിപ്പിക്കുന്നതും, അമ്മയെ അനുകരിക്കുന്നതും, ഈ ലോകത്തിനുവേണ്ടി ജീവൻ നൽകിയ ദിവ്യകാരുണ്യ നാഥനോട് കൂടുതൽ സ്നേഹം പ്രകടമാക്കാൻ കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ 2024 ജൂലൈ മാസം ഇന്ത്യാനയിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് സാമ്പത്തിക പിന്തുണയെന്നോണം ഒരു മില്യൺ ഡോളർ നൽകുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് പ്രഖ്യാപിച്ചു. അമേരിക്കൻ മെത്രാൻ സമിതിയുമായി ചർച്ച നടത്തി ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്താനുള്ള വസ്തുക്കൾ നൈറ്റ്സ് ഓഫ് കൊളംബസ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ആഗോളതലത്തില്‍ 9 രാഷ്ട്രങ്ങളിലായി 16,000-ത്തോളം കൗണ്‍സിലുകളാണ് സംഘടനയുടേതായി പ്രവര്‍ത്തിക്കുന്നത്.

Tag: Malayalam Catholic News, Malayalam Christian News, Knights of Columbus releases moving documentary, Our Lady of Guadalupe,


Related Articles »