News - 2025

പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജർമ്മൻ മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 30-11-2017 - Thursday

ബെർലിൻ: ആഗോളതലത്തിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമ്മൻ മെത്രാൻ സമിതി. ബാംബർഗ് അതിരൂപത മെത്രാനും ദേശീയ മെത്രാന്‍ സമിതിയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനുമായ മോൺ. ലുഡ്വിഗ് ഷിവിക്കാണ് ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്ന്‍ പോകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മതമർദ്ധനം നേരിടുന്ന നൈജീരിയൻ ക്രൈസ്തവർക്ക് നല്‍കുന്ന പരിഗണന വ്യക്തമാക്കുന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം സഭയുടെ പിന്തുണ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ മോൺ. ഷിവിക്ക് നൈജീരിയ സന്ദർശിച്ചിരിന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം മതസ്വാതന്ത്ര്യത്തിനുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിന്നു. അന്നത്തെ സന്ദര്‍ശനം വഴിയായി സമാധാന അന്തരീക്ഷം പ്രാദേശിക തലത്തിൽ സ്ഥാപിക്കാനായെന്നു അദ്ദേഹം പറഞ്ഞു. 2003 മുതൽ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മതമർദ്ധന വാർത്തകൾ ആഗോള തലത്തിൽ എത്തിക്കുവാൻ ജർമ്മൻ മെത്രാൻ സമിതി കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ജർമ്മൻ മെത്രാൻ സമിതിയുടെ പ്രവർത്തനങ്ങൾ നൈജീരിയയിൽ സഹവർത്തിത്വത്തിനും മതസ്വാതന്ത്ര്യത്തിനും ഇടയാകട്ടെയെന്നു മിസിയോ ഏയച്ചൻ സംഘടനാ പ്രസിഡന്റ് ഫാ. ക്ലോസ് മത്തിയാസ് ക്രാമര്‍ പറഞ്ഞു.

വടക്കൻ നൈജീരിയൻ പ്രവിശ്യയിലെ ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളിൽ നിന്നും നേരിടുന്ന പീഡനങ്ങൾ ഗുരുതരമാണ്. നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആയിരങ്ങള്‍ മരണം ഏറ്റുവാങ്ങിയ സ്ഥലം കൂടിയാണ് നൈജീരിയ. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുനൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Related Articles »