News
ഫ്രാന്‍സിസ് പാപ്പയുടെ കൈവെയ്പ്പ്: ബംഗ്ലാദേശില്‍ 16 ഡീക്കന്മാര്‍ അഭിഷിക്തരായി
സ്വന്തം ലേഖകന്‍ 01-12-2017 - Friday
ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ സുഹറാവര്ധി മൈതാനിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫ്രാന്‍സിസ് പാപ്പ 16 ഡീക്കന്‍മാര്‍ക്ക് തിരുപട്ടം നല്‍കി. രാജ്യത്തെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ പത്തു രൂപത വൈദികരും അഞ്ചു ഹോളിക്രോസ് കോണ്‍ഗ്രിഗേഷന്‍ സഭയിലെ അംഗങ്ങളും ഒരു വിമലഹൃദയ സഭാംഗവുമാണ് അഭിഷിക്തരായത്.
ഇവര്‍ നമ്മുടെ പുത്രന്മാരാണെന്നാണ് നവവൈദികരെ പാപ്പ വിശേഷിപ്പിച്ചത്. യേശു തന്റെ നാമത്തിൽ ശിഷ്യന്മാരെ തിരഞ്ഞെടുത്തുവെന്നും, മനുഷ്യവർഗത്തിന് വേണ്ടി സഭയിൽ പൗരോഹിത്യം സ്ഥാപിച്ചെന്നും അവര്‍ ദൈവജനത്തിന്റെ സേവനത്തിനായി വിളിക്കപ്പെട്ടുവെന്നും പാപ്പാ തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. നല്ല ഇടയനായ യേശുവിനെ പിന്തുടരണമെന്ന് നവാഭിഷിക്തരോട് പാപ്പ ആഹ്വാനം ചെയ്തു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ തൊണ്ണൂറു ശതമാനം പേരും ഇസ്ളാമിക വിശ്വാസികളാണ്. ഏഴു രൂപതകളിലും 34 കോണ്‍ഗ്രിഗേഷനില്‍ നിന്നുമായി 380 വൈദികരും 1500 കന്യാസ്ത്രീകളുമാണ് രാജ്യത്തുള്ളത്. പുതിയ വൈദികരുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് സഭ നോക്കിക്കാണുന്നത്. അതേസമയം രാജ്യത്തെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നാനൂറോളം വൈദിക വിദ്യാർത്ഥികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.