News
ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ നിറസാന്നിധ്യമായി ഭാരത സഭ
സ്വന്തം ലേഖകന്‍ 02-12-2017 - Saturday
ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വത്തിക്കാന്‍ ന്യൂണ്‍ഷ്യോയും മലയാളിയുമായ ഡോ. ജോര്‍ജ്ജ് കോച്ചേരി, മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ. ടെലസ്ഫോര്‍ ടോപ്പോ, എന്നിവരും ഡോ. തോമസ് മേനാംപറമ്പില്‍, ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര തുടങ്ങി ബിഷപ്പുമാരും മാര്‍പാപ്പയുടെ ദിവ്യബലിയിലും മറ്റു പൊതുപരിപാടികളിലും പങ്കെടുത്തു.
ഇന്ത്യക്കാരായ നിരവധി വൈദികരും കന്യാസ്ത്രീകളും മലയാളി കുടുംബങ്ങളും സുഹറവര്ധി സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയ്ക്കും എത്തിയിരുന്നു. ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനപരിപാടി തുടങ്ങിയത് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രത്യേക സന്ദേശത്തോടെയായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപിതനയം പാവങ്ങള്‍ക്കു വേണ്ടിയുള്ള സഭയെന്നതാണെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി.
വിശുദ്ധ മദര്‍ തെരേസ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. ശ്രീലങ്കയിലെ വിശുദ്ധ ജോസഫ് വാസിന്റെ ജീവിതവും പാവങ്ങള്‍ക്കും സുവിശേഷത്തിനും വേണ്ടിയായിരുന്നു. ഭാരത സഭയില്‍ നിന്ന് അടുത്തിടെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ വട്ടാലിലും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ജീവന്‍ വെടിഞ്ഞത്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയും വാഴ്ത്തപ്പെട്ട തേവര്‍പവറമ്പില്‍ കുഞ്ഞച്ചനും അടക്കം മറ്റു നിരവധി പേരും ഈ ഗണത്തിലായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
പാവങ്ങളുടെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് ഭക്ഷണത്തിന്റെ രൂപത്തിലാണെന്ന് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ട്. സുവിശേഷ പ്രഘോഷണമെന്നത് പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഫ്രാന്‍സിസ് പാപ്പയുടെ വീക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കണമെന്നും അദ്ദേഹം കര്‍ദ്ദിനാള്‍ പറഞ്ഞു.
മലയാളിയായ ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ജോര്‍ജ്ജ് കോച്ചേരിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു കര്‍ദ്ദിനാള്‍, ആര്‍ച്ചുബിഷപ്പുമാരും ഏതാനും മെത്രാന്മാരും പാപ്പയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ബംഗ്ലാദേശിലെത്തിയത്. ഇന്നലത്തെ മാര്‍പാപ്പയുടെ പൊതുദിവ്യബലിയുടെ സംഘാടനത്തിനു കാര്യമായ നേതൃത്വം വഹിച്ചത് ഈശോസഭാ വൈദികനും എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയുമായ ഫാ. ജോര്‍ജ് പൊന്നാട്ടാണെന്നതും ശ്രദ്ധേയമാണ്.