News - 2024

ഡിസംബർ എട്ടാം തിയതി ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെ കൃപയുടെ മണിക്കൂർ

സ്വന്തം ലേഖകന്‍ 07-12-2017 - Thursday

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8-ാം തിയതി ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെ കൃപയുടെ മണിക്കൂർ ആയിരിക്കുമെന്നും, ഈ തീരു മണിക്കൂറിൽ തന്നോട് നിത്യപിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടുമെന്നും കന്യകാമറിയം 1947-ൽ ഇറ്റലിയിലെ സിസ്റ്റർ പിയരീനയ്ക്കു പ്രത്യക്ഷപ്പെട്ട് സന്ദേശം നൽകി.

പരിശുദ്ധ കന്യകാമറിയം നൽകിയ സന്ദേശത്തിൽ ഇപ്രകാരം പറയുന്നു: "പ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി 51-ാം സങ്കീർത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക. ഈ മണിക്കൂറിൽ വളരെയധികം ദൈവകൃപ ചൊരിയപ്പെടും; കഠിനഹൃദയരായ കൊടുംപാപികൾക്കു പോലും ദൈവകൃപയുടെ സ്പർശനം ലഭിക്കും. ഈ തീരു മണിക്കൂറിൽ തന്നോട് നിത്യപിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടും".

പരിശുദ്ധ അമ്മയുടെ സന്ദേശം അനുസരിച്ചു ഡിസംബർ 8-ാം തിയതി ഉച്ചക്ക് 12 മുതൽ 1 മണി വരെയുള്ള സമയം നമ്മുക്കു പ്രാത്ഥനയിൽ ചിലവഴിക്കാം. ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും അകന്നു, വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ദൈവവുമായി ഐക്യത്തിൽ ആയിരിക്കാം. കൈകൾ വിരിച്ചു പിടിച്ചു 51-ാം സങ്കീർത്തനം 3 പ്രാവശ്യം ചൊല്ലി പ്രാർത്ഥന ആരംഭിക്കാം. തുടർന്ന് ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ രീതിയിൽ പ്രാർത്ഥിച്ചും ദൈവത്തെ സ്തുതിച്ചും, പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്ന ഗാനങ്ങൾ ആലപിച്ചും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ ചിലവഴിക്കാം. നമ്മുടെ നിയോഗങ്ങൾ പരിശുദ്ധ അമ്മയുടെ ദൈവസന്നിധിയിൽ സമർപ്പിക്കുകയും ചെയ്യാം.

“നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ നൂറ്റാണ്ടുകളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവമഹത്വത്തിന്റെ പൂര്‍ണ്ണരഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാര്‍ത്ഥ്യം പ്രാപിച്ചു എന്ന കാര്യം തിരുസഭയുടെ മക്കള്‍ ഗബ്രിയേല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നു. അതിനാൽ രക്ഷകന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴി ഈ ലോകത്തിലേക്കു ധാരാളം അത്ഭുതങ്ങൾ വർഷിച്ചുകൊണ്ടിരിക്കുന്നു.


Related Articles »