News - 2025

പരിശുദ്ധാത്മാവിന് ഹൃദയത്തില്‍ ഇടം കൊടുക്കണം, ആത്മാവ് ഉള്ളിൽ വരുമ്പോൾ ജീവിതം മാറിമറിയും: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 04-10-2024 - Friday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന് ഇടം കൊടുക്കാനായി ഹൃദയം തുറന്നുവേണം പ്രാർത്ഥിക്കേണ്ടതെന്നും ആത്മാവ് ഉള്ളിൽ വരുമ്പോൾ ജീവിതം മാറിമറിയുമെന്നും ഫ്രാൻസിസ് പാപ്പ. "യേശു പഠിപ്പിച്ചതുപോലെ: പ്രത്യാശയുടെ തീർത്ഥാടകരുടെ പ്രാർത്ഥന" എന്ന പേരിൽ സെന്റ് പോൾ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിനെഴുതിയ അവതാരികയിലാണ് പ്രാർത്ഥനയുടെ വിവിധ വശങ്ങളെക്കുറിച്ച് പാപ്പ പറഞ്ഞത്. എന്നാൽ നമ്മുടെ ഹൃദയത്തെ മാറ്റിമറിക്കുന്ന പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയെക്കുറിച്ച് നാം പലപ്പോഴും സംസാരിക്കാറില്ലെന്നും പാപ്പ ചൂണ്ടിക്കാട്ടി. ബാല്യത്തില്‍ തന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും, വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി തന്നിൽ വളർത്തിയതും തന്റെ മുത്തശ്ശിയാണെന്നും താൻ സെമിനാരിയിൽ ആയിരുന്നപ്പോള്‍ ആദ്ധ്യാത്മികപിതാക്കന്മാരാണ് തന്നെ പ്രാർത്ഥനയിൽ വളർത്തിയതെന്നും പാപ്പ പറഞ്ഞു.

പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തന്റെ പ്രാർത്ഥനയുടെ ശൈലി മാറിയിട്ടില്ലെന്നും, വാക്കുകൾ ഉപയോഗിച്ചും, ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ വിശുദ്ധ കുർബാനയുടെ മുന്നിൽ നിശ്ശബ്ദതയിലും താൻ സമയം ചിലവഴിക്കാറുണ്ടെന്ന് പാപ്പ വെളിപ്പെടുത്തി. യാമപ്രാർത്ഥനകൾ താൻ ഒരിക്കലും മുടക്കാറില്ലെന്ന് വ്യക്തമാക്കിയ പാപ്പ, ധ്യാനാത്മകമായ പ്രാർത്ഥനയ്ക്കും താൻ സമയം കണ്ടെത്താറുണ്ടെന്നും പലപ്പോഴും ദൈവവുമായി സംഭാഷണശൈലിയിൽ താൻ പലതും ചോദിക്കാറുണ്ടെന്നും പാപ്പ അവതാരികയില്‍ കുറിച്ചു.

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർതൃപ്രാർത്ഥനയെ കുറിച്ചും പാപ്പ പ്രസ്താവിച്ചു. പ്രാർത്ഥനയിൽ പ്രാവീണ്യമുള്ള ആരെയെങ്കിലും വിളിച്ച് തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയല്ല യേശു ചെയ്യുന്നത്. മറിച്ച് വിശ്വാസത്തോടെയും, മക്കളുടേതായ വാക്കുകളോടെയും എന്നാൽ എല്ലാം സമർപ്പിച്ചുകൊണ്ടുള്ള വലിയ ഒരു പ്രാർത്ഥന യേശുതന്നെ അവരെ പഠിപ്പിക്കുന്നു. ജപമാല പ്രാത്ഥനയെക്കുറിച്ചും ഫ്രാൻസിസ് പാപ്പ ദീർഘമായി എഴുതുന്നുണ്ട്. അമ്മയും നമ്മെ നയിക്കുന്നവളുമെന്ന നിലയിൽ പരിശുദ്ധ അമ്മയെ തനിക്ക് അടുത്തുള്ളവളായി കാണാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് പാപ്പ വ്യക്തമാക്കി.

താൻ എപ്പോഴും പ്രാർത്ഥനകൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചും പാപ്പ വിശദീകരിച്ചു. അത് തന്റെ വിശ്വാസം മൂലമാണ്. സഭയ്ക്കായി താൻ ചെയ്യുന്ന സേവനത്തിൽ, സമൂഹം തന്നെ പ്രാർത്ഥനയാൽ പിന്തുണയ്ക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. സഭ നമ്മെ താങ്ങുന്നില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാനാകില്ല. സമൂഹം തങ്ങളുടെ മെത്രാനായും, മെത്രാൻ തന്റെ ജനത്തിനായും പ്രാർത്ഥിക്കണമെന്നും പാപ്പ പറഞ്ഞു. ഒക്ടോബർ രണ്ടാം തീയതി വത്തിക്കാനിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം പൊതുയോഗത്തിന്റെ ആദ്യസമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്കായി ഹൃദയം തുറന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പാപ്പ സംസാരിച്ചിരുന്നു.


Related Articles »