India - 2024

ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും സംഘവും തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 13-12-2017 - Wednesday

തൂത്തൂര്‍: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു നിവേദനം നല്‍കി. കോട്ടാര്‍ ബിഷപ്പ് ഡോ. നസ്രേം സൂസൈം, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, തൂത്തൂര്‍ മേഖലയിലെ എട്ടു പള്ളികളിലെ പ്രതിനിധികള്‍, ദുരന്തമുണ്ടായ കുളച്ചല്‍ മേഖലയിലെ പ്രതിനിധികള്‍ എന്നിവര്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തെ അനുഗമിച്ചിരിന്നു.

തൂത്തൂര്‍, കുളച്ചല്‍ മേഖലയിലെ ദുരന്ത പ്രദേശങ്ങള്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പനീര്‍സെല്‍വം, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. തുടര്‍ന്നു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന കാര്യം മുഖ്യമന്ത്രി ആര്‍ച്ച് ബിഷപ്പിനെ അറിയിക്കുകയായിരിന്നു. തൂത്തൂര്‍ സെന്റ് ജൂഡ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

ദുരന്തത്തില്‍ നഷ്ടപ്പെട്ട വള്ളങ്ങളും വലകളും അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ക്കു തുല്യമായ തുക നഷ്ടപരിഹാരം നല്‍കും.ദുരന്തത്തില്‍ വിധവകളായവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. മത്സ്യബന്ധനം സുരക്ഷിതമാക്കാന്‍ കമ്യൂണിക്കേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അഞ്ചു ടവറുകള്‍ സ്ഥാപിക്കും. നഷ്ടമായ മത്സ്യബന്ധന ഉപകരണങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍തല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Related Articles »