News - 2025

യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുക എന്നതാണ് സ്വപ്നം: പോളണ്ടിന്റെ നിയുക്ത പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 13-12-2017 - Wednesday

വാര്‍സോ: യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കപ്പെട്ട മാറ്റ്യൂസ് മോറാവീക്കി. ടിവി ട്ര്വാം എന്ന കത്തോലിക്കാ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ പാരമ്പര്യ ക്രൈസ്തവ വേരുകളിലേക്കും മൂല്യങ്ങളിലേക്കും തിരികെ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോളണ്ട് അഭിമാനമുള്ള ഒരു മഹത്തായ രാഷ്ട്രമാണെന്നും യൂറോപ്യന്‍ നേതാക്കളുടെ ഭീഷണിക്ക് താന്‍ വഴങ്ങുകയില്ലെന്നു അദ്ദേഹം തീര്‍ത്തു പറഞ്ഞതും ശ്രദ്ധേയമാണ്.

ഭ്രൂണഹത്യ പോലെയുള്ള കാര്യങ്ങളില്‍ പോളണ്ടിന്റെ നിലപാടിന്റെ പേരില്‍ രാജ്യത്തിന് എതിരെ ഉപരോധമേര്‍പ്പെടുത്തുവാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയതിന്റെ പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. ഗര്‍ഭനിരോധന ഉപാധികള്‍ ലഭ്യമാക്കികൊണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ പോളണ്ട് സംരക്ഷിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പോളണ്ടിനോടാവശ്യപ്പെട്ടുവരുന്നത്.

“നിങ്ങളുടെ കയ്യില്‍ മൂല്യമുണ്ട്, ഞങ്ങളുടെ കയ്യില്‍ പണവും” എന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ശരിയായ മൂല്യങ്ങള്‍ കൊണ്ട് പാശ്ചാത്യ ലോകത്തെ സഹായിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ പോളണ്ടിനുള്ള ഫണ്ട് വെട്ടിക്കുറച്ചാലോ എന്ന ചോദ്യത്തിനുത്തരമായി മോറാവീക്കി പറഞ്ഞത്. നേരത്തെ പ്രതിപക്ഷം പാർലമെന്‍റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം അതിജീവിച്ചതിനു തൊട്ടു പിന്നാലെ മുന്‍ പ്രധാനമന്ത്രി ബീറ്റാ സിട്ലോ രാജിവെക്കുകയായിരിന്നു.

ഇതേ തുടര്‍ന്നാണ് ധനമന്ത്രിയായിരിന്ന മാറ്റ്യൂസ് മോറാവീക്കിയെ പ്രധാനമന്ത്രിയാകാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഈ ആഴ്ച തന്നെ മോറാവീക്കിയെ പോളണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയാക്കുന്നതിനുള്ള തീരുമാനമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ബീറ്റാ സിട്ലോയുടെ മകന്‍ വൈദികനാണ്. മോറാവീക്കിയുടെ മന്ത്രിസഭയില്‍ സിഡ്ളോക്കും പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരിക്കും.


Related Articles »