News - 2025
രണ്ട് ദശാബ്ദത്തിന് ശേഷം ഈജിപ്തില്‍ ദേവാലയങ്ങൾ പുനര്‍നിർമ്മിക്കാൻ അനുമതി
സ്വന്തം ലേഖകന്‍ 14-12-2017 - Thursday
കെയ്റോ: രണ്ട് ദശാബ്ദത്തിന് ശേഷം ഈജിപ്തിലെ ദേവാലയങ്ങളില്‍ പുനഃനിർമ്മാണം നടത്താൻ ഔദ്യോഗിക അനുമതി. തെക്കൻ മിന്യ പ്രവിശ്യയിലെ ഗവർണറാണ് ഇരുപത്തിയൊന്ന് ദേവാലയങ്ങൾ പുതുക്കി പണിയാൻ അംഗീകാരം നല്കിയത്. ഇതില്‍ 20 വര്‍ഷമായി പുനര്‍നിര്‍മ്മാണത്തിന് അനുമതി ലഭിക്കാതിരിന്ന ദേവാലയവും ഉള്‍പ്പെടുന്നു. തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയ അന്താരാഷ്ട്ര സുവിശേഷ പ്രവർത്തകരുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് അനുമതി ലഭിച്ചതെന്ന് വേള്‍ഡ് വാച്ച് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടും അഗ്നിക്കിരയാക്കിയും രാജ്യത്തെ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങൾ അനവധിയാണ്. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദേൽ ഫത്താ അൽസിസിയുടെ ഭാഗത്ത് നിന്നും വിശ്വാസികൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും തീവ്രവാദ ഭീഷണിയെ തുടർന്ന് അടച്ച ദേവാലയങ്ങൾ തുറക്കാനാകുമെന്നും ഫാമിലി റിസേർച്ച് കൗൺസിൽ പ്രസിഡന്റ് ടോണി പെർകിൻസ് അടുത്തിടെ ഒരു ലേഖനത്തില്‍ കുറിച്ചിരിന്നു. മുസ്ലീംങ്ങളെ അപേക്ഷിച്ച് ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു ദേവാലയം നിര്‍മ്മിക്കണമെങ്കില്‍ നിരവധി നിബന്ധനകളാണുള്ളത്.
ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തെ സംബന്ധിച്ച പുതിയ നിയമ വ്യവസ്ഥകള്‍ ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യം നേരത്തെ മുതല്‍ ശക്തമാണ്. യുഎസ് ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് ഈജിപ്തിലും സമീപ പ്രദേശങ്ങളിലും സമാധാന അന്തരീക്ഷത്തിനായി സമവായ ചർച്ചകൾ നടത്തി വരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന കാബിനറ്റ് കമ്മിറ്റിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ദേവാലയങ്ങൾക്കു ഔദ്യോഗിക അംഗീകാരം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിന്നു.