News - 2025

ഇന്ത്യയുടെ വത്തിക്കാന്‍ അംബാസിഡര്‍ സ്ഥാനമേറ്റു

സ്വന്തം ലേഖകന്‍ 16-12-2017 - Saturday

വത്തിക്കാന്‍ സിറ്റി: ഇന്ത്യയുടെ വത്തിക്കാന്‍ അംബാസിഡറും മലയാളിയുമായ സിബി ജോര്‍ജ്ജ് സ്ഥാനമേറ്റെടുത്തു. ഇന്നലെ ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെയാണ് ഔദ്യോഗിക സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് നടന്നത്. യെമന്‍, ന്യൂസിലാന്‍റ്, സ്വാസിലാണ്ട്, അസെര്‍ബൈജാന്‍, ചാദ്, ലിചെന്‍സ്റ്റെയിന്‍ എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്കൊപ്പം സിബി ജോര്‍ജ്ജും ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ചനടത്തി. അവരുടെ സ്ഥാനികപത്രികകള്‍ പരിശോധിച്ച് ഓരോരുത്തരെയും പാപ്പാ വത്തിക്കാനിലേയ്ക്ക് സ്വാഗതംചെയ്തു. റോമില്‍ സ്ഥിരതാമസമില്ലാത്ത അംബാസിഡര്‍മാര്‍ക്ക് പാപ്പാ പ്രത്യേക സന്ദേശം നല്കി.

സാംസ്ക്കാരികവും സാമ്പത്തികവും സാമൂഹികവുമായ വൈരുധ്യങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്ക്കെ, മാനവികതയുടെ നന്മയ്ക്കായുളള ക്രിയാത്മകമായ കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് പാപ്പ ഓരോരുത്തരേയും ഓര്‍മ്മിപ്പിച്ചു. വിഘടിച്ചു നില്‍ക്കുന്ന മൂല്യങ്ങളും താല്പര്യങ്ങളുമായിട്ടാണ് ഈ വെല്ലുവിളികള്‍ ഇന്ന് തലപൊക്കുന്നതെങ്കിലും, അവയ്ക്കു പിന്നില്‍ അക്രമവാസന വളര്‍ത്തുന്ന മൗലികവും വംശീയവുമായ ചിന്താഗതികളാണ് തിങ്ങിനില്‍ക്കുന്നത്.

സംവാദവും സഹകരണവും മുഖമുദ്രയാക്കി നമുക്ക് ഒത്തൊരുമിച്ചു പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാം. സംവാദത്തിനും അനുരഞ്ജനത്തിനും സഹകരണത്തിനുമുള്ള സാധ്യതകളെ ഒരിക്കലും ലാഘവത്തോടെ കാണുകയോ തള്ളിക്കളയുകയോ ചെയ്യരുത്. ഓരോ രാജ്യങ്ങളുടെയും വരുംതലമുറകളെ, പ്രത്യേകിച്ച് യുവജനങ്ങളെ നന്മയുടെയും സമാധാനത്തിന്‍റെ മൂല്യങ്ങളില്‍ നയിക്കേണ്ടതുണ്ട്. യുവജനങ്ങളെ നന്മയില്‍ രൂപപ്പെടുത്താനായാല്‍ ആഗോളതലത്തില്‍ സമാധാനവും നീതിയും സമഗ്രമാനവപുരോഗതിയും വളര്‍ത്താന്‍ സാധിക്കും. എല്ലാവരുടെയും സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നതായും പാപ്പ പറഞ്ഞു.

വത്തിക്കാന് പുതിയ ദൗത്യം ലഭിച്ച സിബി ജോര്‍ജ്ജ് 1993 ബാച്ചില്‍ ഐ‌എഫ്‌എസ് നേടിയ ആളാണ്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. പാലാ പൊടിമറ്റത്തിൽ കുടുംബാംഗമാണ്. ഐഎഫ്എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്വിറ്റ്സ‌ർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. രണ്ടും സ്വതന്ത്ര ചുമതലകൾ തന്നെയാണ്.


Related Articles »