Arts - 2024

മലയാളി അംബാസിഡര്‍ യാത്ര പറയാനെത്തിയപ്പോള്‍ ഇന്ത്യന്‍ മാതൃകയിലുള്ള നമസ്‌തേ പരിശീലിച്ച് പാപ്പ

ദീപിക 24-06-2020 - Wednesday

വത്തിക്കാന്‍ സിറ്റി: കോവിഡ് കാലത്ത് ഇന്ത്യന്‍ രീതിയില്‍ കൈ കൂപ്പിയുള്ള നമസ്‌തേയും വിടപറയലും പരിശീലിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ ഇന്ത്യന്‍ സ്ഥാനപതി മലയാളി സിബി ജോര്‍ജ്ജ് കാലാവധി പൂര്‍ത്തിയാക്കി യാത്രചോദിക്കാനായി നടത്തിയ കൂടിക്കാഴ്ചയിലാണു മാര്‍പാപ്പ ഇന്ത്യന്‍ മാതൃകയില്‍ നമസ്‌തേയും ഗുഡ് ബൈയും പറയാന്‍ പരിശീലനം നേടിയത്. കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏറ്റവും ഉചിതമാണെന്നു മനസിലാക്കിയാണ് അംബാസഡര്‍ സിബിയില്‍ നിന്നു പാപ്പ ഇതു പരിശീലിച്ചത്. നമസ്‌തേ പറയാനും ഗുഡ് ബൈ പറയാനും കൈകൂപ്പുന്ന രീതിയില്‍ മാര്‍പാപ്പ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു.

2017 നവംബര്‍ മുതല്‍ സ്വിറ്റ്‌സര്‍ലണ്ടിഡലെ അംബാസഡറായ സിബി ജോര്‍ജ്ജിനു അതേ വര്‍ഷം ഡിസംബറില്‍ വത്തിക്കാന്റെ അധിക ചുമതലയും നല്കി‍യിരുന്നു. ഇന്ത്യയുടെ സ്വിറ്റ്സ‌ർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. രണ്ടും സ്വതന്ത്ര ചുമതലകൾ തന്നെയാണ്. കോട്ടയം പാലാ സ്വദേശിയും കത്തോലിക്കാ വിശ്വാസിയുമായ സിബി സ്ഥാനപതിയായിരിക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം പക്ഷേ സഫലമായില്ല. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയതില്‍ അംബാസഡര്‍ സിബിക്ക് മാര്‍പാപ്പ നന്ദി അറിയിച്ചു. സിബിയുടെ ഭാര്യ ജോയ്‌സ് പാംപൂരത്തും ഒപ്പമുണ്ടായിരുന്നു.

1993 ബാച്ചില്‍ ഐ‌എഫ്‌എസ് നേടിയ ആളാണ് സിബി ജോര്‍ജ്ജ്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. ഐഎഫ്എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »