News

മാര്‍പാപ്പയുടെ സന്ദര്‍ശനം തുണയായി: ബംഗ്ലാദേശില്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷ കര്‍ശനമാക്കി

സ്വന്തം ലേഖകന്‍ 16-12-2017 - Saturday

ധാക്ക: ഫ്രാൻസിസ് പാപ്പയുടെ ബംഗ്ലാദേശിലെ സന്ദർശനത്തിന് ശേഷവും ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. തലസ്ഥാന നഗരിയായ ധാക്കയിൽ മാത്രം എഴുപത്തിയഞ്ചിലധികം ദേവാലയങ്ങളുണ്ട്. ക്രിസ്തുമസ് അനുബന്ധ സുരക്ഷയ്ക്കായി അയ്യായിരത്തോളം പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമാല്‍ പറഞ്ഞു. മാർപാപ്പയുടെ സന്ദർശനത്തിന് സജ്ജമാക്കിയ സുരക്ഷ ക്രിസ്തുമസ് ആഘോഷങ്ങളുടെ വേളയിലും നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പയുടെ സന്ദര്‍ശനത്തിന് പൂർണ പിന്തുണ നൽകിയ ബംഗ്ലാദേശ് ഭരണകൂടത്തിന് സഭാനേതൃത്വം നന്ദി അറിയിച്ചു. സഭയുടെ കൃതജ്ഞത അറിയിക്കാന്‍ മുപ്പതോളം ക്രൈസ്തവ നേതാക്കന്മാരാണ് ബുധനാഴ്ച ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ ക്രൈസ്തവ ആരാധനാലയങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നു അദ്ദേഹം പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. മുസ്ളിം രാഷ്ട്രമായ ബംഗ്ലാദേശിൽ ഒരു ശതമാനത്തിൽ താഴെയാണ് ക്രൈസ്തവ ജനസംഖ്യ. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവേചനവും ആക്രമണങ്ങളും ദിനംതോറും വർദ്ധിച്ചു വരികയാണ്.

ഈയവസരത്തിലായിരിന്നു മാർപാപ്പയുടെ സന്ദർശനം. വിശ്വാസികളുമായി സംവദിച്ച പാപ്പ സമാധാന സ്ഥാപനത്തിനു ആഹ്വാനം നല്‍കുകയും മതസൗഹാർദ അന്തരീക്ഷത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. കത്തോലിക്കരെ കൂടാതെ മറ്റ് മതസ്ഥരും മാർപാപ്പയുടെ സന്ദർശനത്തിൽ സംബന്ധിച്ചിരുന്നു. മാര്‍പാപ്പയുടെ സന്ദർശനത്തെ തുടര്‍ന്നു രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാട് പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാണുന്നത്.


Related Articles »