News - 2024

അശാന്തിയുടെ താഴ്‌വരയില്‍ ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ട് ഇറാഖി ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 25-12-2017 - Monday

മൊസൂള്‍: അശാന്തിയുടെ താഴ്‌വരയില്‍ ക്രിസ്തുമസ് ആഘോഷിച്ചു കൊണ്ട് ഇറാഖി ജനത. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ ഇന്നലെ പള്ളികളിലും വീടുകളിലും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളും പ്രാര്‍ത്ഥനകളും നടന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലീങ്ങളുമെത്തിയെന്നത് ശ്രദ്ധേയമായി. ഇറാഖി ദേശീയ ഗാനം ആലപിച്ചായിരുന്നു പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിട്ടത്. ഇറാഖിലും ലോകത്തും സമാധാനം ഉണ്ടാകുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പറഞ്ഞു.

വടക്കന്‍ മൊസൂളില്‍ നിന്ന് 30 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ടെലെസ്കോഫിലെ സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഇന്നലെ നടന്ന ക്രിസ്തുമസ് ശുശ്രൂഷകളില്‍ നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. ഐ‌എസ് ക്രൂരതയ്ക്കിടെ പലായനം ചെയ്തു പിന്നീട് മടങ്ങിയെത്തിയ ക്രൈസ്തവരാണ് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. ദുരിതങ്ങള്‍ക്കിടയിലും തങ്ങള്‍ ഇവിടെ തന്നെ തുടരുകയാണെന്ന് ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. ബുട്രോസ് കപ്പ എന്ന വൈദികന്‍ പറഞ്ഞു.

ഐ‌എസ് ആക്രമണത്തെ തുടര്‍ന്നു തകര്‍ന്ന ദേവാലയങ്ങളിലാണ് ശുശ്രൂഷകള്‍ നടന്നത്. ഇവയുടെ അറ്റകുറ്റ പണികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. നേരത്തെ മൊസൂള്‍ 2014ല്‍ ഐഎസ് കീഴടക്കിയതോടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ വലിയ പങ്കും അവിടെ നിന്നു പലായനം ചെയ്തിരിന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇറാഖ് സൈന്യം വടക്കന്‍ നഗരമായ മൊസൂള്‍ തിരിച്ചു പിടിച്ചത്. ഐഎസ് നിയന്ത്രണത്തിലായിരുന്ന വര്‍ഷങ്ങളില്‍ നഗരത്തില്‍ ക്രിസ്മസ് ആഘോഷം വിലക്കിയിരുന്നു.


Related Articles »