India - 2024

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ

സ്വന്തം ലേഖകന്‍ 21-01-2018 - Sunday

കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ പമ്പാ നദിയുടെ മണപ്പുറത്തു നടക്കും. 11ന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ആരാധനയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും. സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.

12 മുതല്‍ 17 വരെ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 6.30നും പൊതുയോഗങ്ങള്‍ നടക്കും. പുറമേ രാവിലെ 7.30 മുതല്‍ 8.30വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബൈബിള്‍ ക്ലാസും കുട്ടികളുടെ യോഗവും നടക്കും. ബിഷപ്പ്പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്ലോറിഡ) റവ. ഡോ. സോറിറ്റ നബാബന്‍ (ഇന്തോനേഷ്യ), റവ.ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ), ഡോ. ആര്‍. രാജകുമാര്‍ (ഡല്‍ഹി), റവ.ഡോ. വിനോദ് വിക്ടര്‍ (തിരുവനന്തപുരം) എന്നിവരാണു മുഖ്യപ്രസംഗകര്‍.

14നു രാവിലെ 10ന് എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു രണ്ടിനു സാമൂഹ്യതിന്മകള്‍ക്കെതിരേയുള്ള ബോധവത്കരണ സമ്മേളനം നടക്കും. 15നു വൈകുന്നേരം നാലിനു മദ്യവര്‍ജനസമിതിയുടെ നേതൃത്വത്തില്‍ കൂട്ടായ്മയും നടക്കും. 15നു സുവിശേഷ സംഘത്തിന്റെയും 16ന് ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും യോഗങ്ങള്‍ നടക്കും.




Related Articles »