News - 2024

ഫ്രാൻസിസ് പാപ്പയുടെ മനസ്സുമായി, സഭൈക്യത്തിന്റെ സംഗീതവുമായി സെക്കന്‍റ് സാറ്റർഡേ കണ്‍വെന്‍ഷന്‍

ജോസ് കുര്യാക്കോസ് 30-01-2016 - Saturday

ഫ്രാൻസിസ് പാപ്പയുടെ മനസ്സുമായി, സഭൈക്യത്തിന്റെ സംഗീതവുമായി, ഫെബ്രുവരി മാസത്തെ സെക്കന്‍റ് സാറ്റര്‍ഡെ കണ്‍വെന്‍ഷന്‍. മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പിലിപ്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തയും (Chairman of Mar Gregorian Retreat Center) ഇംഗ്ലണ്ടിലെ നവീകരണ ശുശ്രൂഷകളുടെ മുന്നേറ്റ നിരയിലുള്ള ഫാ. ക്രിസ് തോമസും, വചനപ്രഘോഷണ രംഗത്തെ പ്രവാചകശബ്ദമായ ഫാ. ബോസ്കോ ഞാളിയത്തും, സെഹിയോന്‍ യുകെ ശുശ്രൂഷകളുടെ ആത്മീയ പിതാവ് ഫാ.സോജി ഓലിക്കലും ചേര്‍ന്നു നയിക്കുന്ന ഫെബ്രുവരി മാസ കണ്‍വെന്‍ഷന്‍ സഭാക്യത്തിന്റെയും പരിശുദ്ധാത്മസ്നേഹത്തിന്റെയും അഭിഷേകനിറവ് വിശ്വാസികളിലേക്ക് പകര്‍ന്നു നല്‍കും.

വിഭജനത്തിന്റെയും വിഭാഗീയതയുടെയും അരൂപികള്‍ക്കെതിരെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നിരന്തരം ശബ്ദം ഉയര്‍ത്തുന്നുണ്ട്. ക്രിസ്ത്യാനികള്‍ എല്ലാവരും സഹോദരങ്ങളാണെന്നും, വിഭജനത്തിന്റെ അരൂപി പിശാചില്‍ നിന്നുള്ളതാണെന്നും, ക്രിസ്തുവിന്റെ മൌതിക ശരീരത്തിനു ഏറ്റിരിക്കുന്ന വിഭജനത്തിന്റെ മുറിവ് സൌഖ്യമാക്കേണ്ടതാണെന്നും പരിശുദ്ധ പിതാവ് പറയുന്നു.

ക്രിസ്തീയ പീഢനങ്ങളിലൂടെ രക്തസാക്ഷികളാകുന്നവരുടെ ചുടുനിണത്തെ 'എക്യുമെനിസത്തിന്റെ രക്തം' എന്നാണ് പിതാവ് വിശേഷിപ്പിക്കുക. ആധുനിക കാലഘട്ടത്തില്‍ സഭയുടെ പുറമെയുള്ള ശത്രുക്കളെക്കാള്‍ അപകടകരമായ വിധത്തില്‍ വിഭാഗീയതയുടെയും അനൈക്യത്തിന്റെയും മാത്സര്യത്തിന്റെയും വിത്തുകള്‍ വിതച്ച് പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളെയും പ്രവര്‍ത്തികളെയും നീര്‍വീര്യമാക്കുന്ന തിന്മയുടെ സ്വാധീനങ്ങള്‍ സഭയ്ക്കുള്ളിലുണ്ട്.

മദ്യപാനം, പുകവലി, വ്യഭിചാരം തുടങ്ങിയ ഗൌരവമേറിയ പാപങ്ങള്‍ പോലെ തന്നെയാണ് കുടുംബങ്ങളേയും ഇടവസമൂഹങ്ങളെയും, രൂപതകളേയും അന്ധകാരത്തിലേക്കും പൈശാചിക അടിമത്തത്തിലേക്കും നയിക്കുന്ന വിഭാഗീയത, വെറുപ്പ്, വിദ്വേഷം, മാത്സര്യം തുടങ്ങിയ പാപങ്ങള്‍.

ഐക്യത്തിന്റെയും സ്നേഹത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും മാനസാന്തര അനുഭവത്തിലേക്ക് പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിനു അത്ഭുതകരമായ സാക്ഷ്യങ്ങളാണ് ഓരോ കണ്‍വെന്‍ഷനിലൂടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. യുവതിയുവാക്കള്‍ യേശുവിനെ സ്നേഹിക്കുന്നതും ശുശ്രൂഷകള്‍ നയിക്കുന്നതും വലിയ പ്രത്യാശയോടെ അനേകര്‍ നോക്കി കാണുന്നു. ടീനേജ് പ്രായക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി കൊണ്ട് 'Teens for Kingdom' എന്ന പുതിയ മിനിസ്ട്രി ആരംഭിച്ചു കഴിഞ്ഞു.

കുമ്പസാരിക്കാന്‍ നന്നായി ഒരുങ്ങി വരുക. പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന പ്രിയപ്പെട്ടവരെ കൂട്ടി കൊണ്ടു വരിക. പാപവഴികള്‍ ഉപേക്ഷിക്കാന്‍ തീരുമാനങ്ങള്‍ എടുക്കുക. യേശുവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുക. ഈ ശുശ്രൂഷയുടെ വിജയത്തിനായി മാധ്യസ്ഥ പ്രാര്‍ത്ഥകള്‍ ഉയര്‍ത്തുക.

ഫെബ്രുവരി മാസ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.


Related Articles »