News

ഇംഗ്ലണ്ടില്‍ 'Second Saturday' വിതയ്ക്കുന്ന നന്മകള്‍; ആയിരങ്ങള്‍ നവംബര്‍ മാസ കണ്‍വെന്‍ഷനിലേക്ക്

ജോസ് കുര്യാക്കോസ് 08-11-2015 - Sunday

2010 ഏപ്രില്‍ 17-ന് ആരംഭിച്ച സെക്കന്‍റെ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ ഇന്ന്‍ മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ എല്ലാ കത്തോലിക്കാ ഹൃദയങ്ങളും അറിയുന്ന നിലയിലേക്ക് ദൈവം വളര്‍ത്തിക്കൊണ്ടിരിക്കുന്നു.

അഞ്ച് വര്‍ഷക്കാലം കൊണ്ട് ദൈവകരുണയുടെ ഈ ശുശ്രൂഷ ആയിരങ്ങള്‍ക്ക് അനുഗ്രഹമായി മാറി. കാലഘട്ടത്തിന്‍റെ ഒരു അടിസ്ഥാന ശുശ്രൂഷയായി മാറിക്കൊണ്ട് അനേകം നന്മകളാണ് ഈ ശുശ്രൂഷ വിതച്ചുകൊണ്ടിരിക്കുന്നത്. കലാ, കായിക, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ അനേകം അവസരങ്ങള്‍ ലഭിക്കുന്ന പ്രവാസികള്‍ക്ക് പലപ്പോഴും നഷ്ടമാകുന്നത് വിശുദ്ധിയില്‍ ആഴപ്പെട്ട് വളരുന്ന വിശ്വാസ ജീവിതമാണ്‌. കുടുംബങ്ങള്‍ക്കും പുതുതലമുറകള്‍ക്കും എന്നും സ്വന്തമാകേണ്ട ഈ ചൈതന്യം പകര്‍ന്നു നല്‍‍കുവാനാണ് ഈ ശുശ്രൂഷയെ ദൈവം ഉപയോഗിക്കുന്നത്.

Kids For Kingdom

ആയിരക്കണക്കിന് കുട്ടികളാണ് ഈ ശുശ്രൂഷയിലൂടെ ദൈവസ്നേഹത്തിലേക്കും മാനസാന്തര അനുഭവങ്ങളിലേക്കും കടന്നു വന്നിട്ടുള്ളത്. സെഹിയോന്‍ ശുശ്രൂഷളില്‍ മാത്രമല്ല അനേകം ഇടവകകള്‍ക്കും മിനിസ്ട്രികള്‍ക്കും കുട്ടികളുടെ ശുശ്രൂഷ നല്‍കിക്കൊണ്ട് KFK യെ കര്‍ത്താവ് നയിക്കുകയാണ്.

കിഡ്സ്‌ ഫോര്‍ കിംഗ്‌ഡത്തിന്‍റെ പുതിയ ചുവട് വയ്പാണ് മരിയന്‍ സ്കൂള്‍ മിഷന്‍. കത്തോലിക്കാ സ്കൂളിലേക്ക് കടന്നുചെന്നുകൊണ്ട് ദൈവവചനത്തിന്‍റെ ശക്തി പകര്‍ന്നു നല്‍കാന്‍ ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിക്കുകയാണ്.

നിത്യാരാധന ചാപ്പല്‍

ബര്‍മിങ്ഹാമിന്‍റെ ഹൃദയഭാഗത്ത് ദേശത്തിനു വേണ്ടിയും കുടുംബങ്ങള്‍ക്കു വേണ്ടിയും ദിവ്യകാരുണ്യ സന്നിധിയില്‍ ദിനരാത്രങ്ങള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുവാന്‍ ചാപ്പല്‍ ലഭിച്ചത് സെക്കന്‍റെ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍റെ ഏറ്റവും വലിയ നന്മയായിരിക്കും.

വിയാനി മിഷന്‍

ഇടവക നവീകരണത്തെ ലക്ഷ്യമാക്കി, പുരോഹിതരെ സ്നേഹിക്കുവാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും വേണ്ടി ഒരുക്കപ്പെട്ട ശുശ്രൂഷ വലിയ താത്പര്യത്തോടെയാണ് ഇംഗ്ലണ്ടിലെ വിവിധ രൂപതാധ്യക്ഷന്‍മാര്‍ നോക്കിക്കാണുന്നത്. 5-ല്‍ അധികം രൂപതകള്‍ ഔദ്യോഗികമായി ഈ ശുശ്രൂഷയെ സ്വാഗതം ചെയ്തു കഴിഞ്ഞു. നൂറുകണക്കിന് കുടുംബങ്ങളും വ്യക്തികളുമാണ് ഓരോ പുരോഹിതരെയും ഇടവകകളെയും സ്പോണ്‍സര്‍ ചെയ്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന്ത്. ഈ ശുശ്രൂഷ് വിതയ്ക്കുന്ന പ്രാര്‍‍ത്ഥനാചൈതന്യം നവീകരണത്തിന്‍റെ വാതിലുകള്‍ ഇറക്കപ്പെടാന്‍ ഇടയാക്കും.

School Of Evangelization (SOE)

SOE ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്.

ഹോം മിഷന്‍

തങ്ങള്‍ക്ക് ലഭിക്കുന്ന ഒഴിവുസമയങ്ങള്‍ ദൈവരാജ്യ വളര്‍ച്ചയ്ക്കുവേണ്ടി സമര്‍പ്പിച്ചുകൊണ്ട് കുടുംബങ്ങളിലേക്ക്ക് കടന്നുചെല്ലുന്ന "ഹോം മിഷന്‍" ശുശ്രൂഷ അനേകം കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അവരുടെ വിശ്വാസ വളര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്.

St. Annlyn Matt Communities

കുട്ടികളില്ലാത്ത ദമ്പതികള്‍ ഒത്തുചേരുന്ന ആന്‍ലെയ്ന്‍ സമൂഹവും മദ്യപാനികള്‍ക്കും, മദ്യപാനം നിറുത്തിയവര്‍ക്കും വേണ്ടിയുള്ള മാറ്റ് കമ്മ്യുണിറ്റിയും സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷയുടെ ഫലങ്ങളാണ്.

Holy Spirit Evening

ഇംഗ്ലീഷ് ഭാഷക്കാരെ ലക്ഷ്യമാക്കി 2015-ല്‍ ആരംഭിച്ച Holy Spirit Evening അഭിഷേകത്തിന്‍റെ പുതിയ വാതിലുകള്‍ തുറന്നുകൊണ്ട് വിവിധ ഭാഷക്കാരെ ഒന്നിപ്പിക്കുകയാണ്. സ്തുതിപ്പിന്‍റെയും ദൈവവചനത്തിന്‍റെയും ആരാധനയുടെയും അന്തരീക്ഷത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയും രോഗശാന്തി ശുശ്രൂഷയും താത്പര്യപൂര്‍വ്വമാണ്‌ ഓരോ ദേശങ്ങളും സ്വീകരിക്കുന്നത്. 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ശുശ്രൂഷ ഇംഗ്ലീഷ് ഇടവകകളില്‍ ആഗ്രഹിക്കുന്നവര്‍ സെഹിയോന്‍ ഗ്രൂപ്പുമായി ബന്ധപ്പെടുക.

Kingdom Revelator Magazine

കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും വേണ്ടി ഒരു കത്തോലിക്കാ പ്രസിദ്ധീകരണം പോലും നിലവിലില്ല എന്ന വസ്തുതയാണ് ഈ പുതിയ ചുവടുവയ്പിലേക്ക് ഫാദര്‍ സോജി ഓലിക്കലിനെ നയിച്ചത്. U.K., Ireland, U.S.A., Australia, Baharain, Swiss തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഈ മാഗസിന്‍ വിതരണം ചെയ്യപ്പെടുന്നു. 10,000-ല്‍ അധികം കോപ്പികള്‍ വിതരണം ചെയ്യപ്പെടുന്ന ഈ മാഗസിന്‍റെ സര്‍ക്കുലേഷന്‍ ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വളരുന്ന തലമുറയ്ക്കു വേണ്ടി സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷകളിലൂടെ ദൈവാരൂപി നല്‍കുന്ന വലിയ സമ്മാനമാണ് Kingdom Revelator Magazine.

ഒരു ദൈവീക ശുശ്രൂഷ സഭയ്ക്കും കുടുംബങ്ങള്‍ക്കും നല്‍കുന്ന വിവിധങ്ങളായ നന്മകള്‍ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധ്യമല്ല. സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷകളില്‍ നിരന്തരം പങ്കെടുക്കുകയും ശുശ്രൂഷകളോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന അനേകം വ്യക്തികളും കുടുംബങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്ന ദൈവകൃപയെ ഇടവക സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും വേണ്ടി മാറ്റി വയ്ക്കുകയാണ്. കുടുംബ യൂണിറ്റുകളിലും മതബോധന വേദികളിലും അള്‍ത്താര ശുശ്രൂഷകളിലും ജാഗരണപ്രാര്‍ത്ഥനകളിലും ഇവരുടെ സാന്നിധ്യം സഭയ്ക്കു കരുത്തായി മാറുന്നു.

ആദ്യ ദശകങ്ങളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവചനം പ്രഘോഷിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച വിശുദ്ധാത്മാക്കളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥത്തിന് മലയാളി മക്കളിലൂടെ ഉത്തരം നല്‍കാന്‍ സ്വര്‍ഗീയ പിതാവ് ആഗ്രഹിക്കുന്നു. ഡിവൈന്‍, ശാലോം, ജീസസ് യൂത്ത് തുടങ്ങിയ ഗ്രൂപ്പുകള്‍ യൂറോപ്പിന് വലിയ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു.

യൂറോപ്പിന്‍റെ പുതിയ വിശ്വാസ വസന്തത്തിനു വേണ്ടിയുള്ള ദൈവിക പദ്ധതിയുടെ ഭാഗമായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്കു വേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുക. ജപമാലകളിലൂടെയും കുരിശിന്‍റെ വഴികളിലൂടെയും കരുണ കൊന്തയിലൂടെയും ഉപവാസ പ്രാര്‍ത്ഥനകളിലൂടെയും നിങ്ങള്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനാ നിലവിളികള്‍ക്ക് ഉത്തരം നല്‍കുന്ന കര്‍ത്താവ് നിങ്ങളുടെ ജീവിതങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.