India - 2024

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ 25ന്

സ്വന്തം ലേഖകന്‍ 15-02-2018 - Thursday

പെരുമ്പാവൂര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ആഘോഷം പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ 25നു നടക്കും. നാളെ വൈകുന്നേരം അഞ്ചിനു തിരുനാളിന്റെ കൊടിയേറ്റ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. തിരുസ്വരൂപം വെഞ്ചിരിപ്പ്, ദിവ്യബലി, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് പേടകം പ്രതിഷ്ഠിക്കല്‍ എന്നിവയ്ക്ക് അദ്ദേഹം കാര്‍മ്മികത്വം വഹിക്കും. 17നു വൈകുന്നേരം അഞ്ചിന് റവ. ഡോ. ജോണ്‍ തേക്കാനത്തിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, നൊവേന. ഞായറാഴ്ച രാവിലെ ഏഴിനു ദിവ്യബലിക്കും നൊവേനയ്ക്കും വികാരി ഫാ. ജോസ് പാറപ്പുറം കാര്‍മ്മികത്വം വഹിക്കും.

24 വരെ വൈകുന്നേരം അഞ്ചിനു ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസഫ് കരുമത്തി, ഫാ. ജോബ് കൂട്ടുങ്കല്‍, ഫാ. മാത്യു മണവാളന്‍, റവ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍, ഫാ. തോമസ് പാറേക്കാട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മ്മികരാകും. സമാപന ദിവസമായ 25നു രാവിലെ ഏഴിനു ദിവ്യബലി, വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടര്‍ന്നു തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.

സിസ്റ്റര്‍ റാണി മരിയയുടെ ജന്മഗൃഹത്തിനു സമീപത്തുള്ള റാണിമരിയ റോഡിലൂടെ തുടര്‍ന്നു പ്രദക്ഷിണം നടക്കും. 2017 നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറിലാണു റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുവെഴുത്തില്‍ വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 25നു സഭയില്‍ ആഘോഷിക്കുമെന്ന് അറിയിച്ചിരുന്നു.


Related Articles »