India - 2024

മദ്യലഹരി സംസ്‌കാരം നാടിന് അപമാനം: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 18-02-2018 - Sunday

കൊച്ചി: സാക്ഷരത, കുടുംബക്ഷേമം, ആരോഗ്യം എന്നിവയില്‍ ലോകത്തിനു മാതൃകയായിത്തീര്‍ന്ന സാംസ്‌കാരിക കേരളം മദ്യപാനത്തിലും ആത്മഹത്യയിലും ഒന്നാം നിരയിലാണെന്ന ലജ്ജാകരമായ സത്യം നമ്മുടെ കണ്ണു തുറപ്പിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യവിരുദ്ധഞായര്‍ ആചരിക്കുന്നു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ് എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സര്‍ക്കുലര്‍ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് ദിവ്യബലി മധ്യേ വായിക്കും.

സമൂഹത്തിന്റെ ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ മദ്യക്കച്ചവടക്കാര്‍ക്കുവേണ്ടി അത് അടിയറവച്ചതു ഖേദകരമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും അത്ഭുതാവഹമായ നേട്ടങ്ങളും സംഭാവനകളും കേരളത്തിന്റേതായിട്ടുണ്ട്. എന്നാല്‍ കേരളസമൂഹം നേടിയെടുത്ത സത്പേരിന്റെയും സത്മാതൃകകളുടെയും മേല്‍ കരിനിഴല്‍ വീഴ്ത്തി മദ്യലഹരി സംസ്‌കാരം ഇന്നു നാടിന് അപമാനമാവുന്നു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം നാടിന്റെ പ്രതീക്ഷകളില്‍ ഇരുള്‍ പരത്തുന്നു. ലക്ഷക്കണക്കിനു കുടുംബങ്ങളാണു മദ്യത്തിന്റെ കെണിയില്‍പ്പെട്ടു ദിനംപ്രതി നശിക്കുന്നത്.

മദ്യവര്‍ജനമെന്നതു വ്യക്തി സ്വമേധയാ വ്യക്തിജീവിതത്തില്‍ എടുക്കേണ്ട നിലപാടാണ്. അതേസമയം, മദ്യത്തിന്റെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ചു നിയമനിര്‍മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുമുള്ള അധികാരവും കടമയും ഉത്തരവാദിത്തവും സര്‍ക്കാരിനു മാത്രമാണ്. മദ്യം സുലഭമാക്കിയശേഷം മദ്യവര്‍ജനം ഉപദേശിക്കുന്നതു മേശപ്പുറത്തു മിഠായി ഭരണി തുറന്നുവച്ചിട്ട് അതു കഴിക്കരുതെന്നു കുട്ടികളെ ഉപദേശിക്കുന്നതുപോലെ വ്യര്‍ഥമാണെന്നു ഗാന്ധിജി പറഞ്ഞതും ഓര്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.


Related Articles »