News - 2024

യുവജന സിനഡിന് മലയാളി ഉള്‍പ്പെടെ ഭാരതത്തില്‍ നിന്ന് അഞ്ചുപേര്‍

സ്വന്തം ലേഖകന്‍ 18-02-2018 - Sunday

വത്തിക്കാന്‍ സിറ്റി: മാർച്ച് 19നു വത്തിക്കാനില്‍ ആരംഭിക്കുന്ന പ്രീ യുവജന സിനഡില്‍ പങ്കെടുക്കുവാന്‍ മലയാളി ഉള്‍പ്പെടെ ഭാരതത്തില്‍ നിന്നു അഞ്ചുപേര്‍. പഞ്ചംഗ പ്രതിനിധിസംഘത്തില്‍ വസായിയില്‍ നിന്നുള്ള ഹൈന്ദവ വിശ്വാസിയായ സന്ദീപ് പാണ്ഡെ, ജലന്തറില്‍ നിന്നുള്ള സിക്ക് മതാനുയായിയായ ഇന്ദര്‍ജിത് സിംഗ് എന്നീ രണ്ടുയുവാക്കളും മൂന്നു കത്തോലിക്കരും ഉള്‍പ്പെടുന്നു. ഒഡീഷയിലെ റൂര്‍ഖല രൂപതയില്‍ നിന്നുള്ള ശില്പ, ഡല്‍ഹി അതിരൂപതയില്‍ നിന്നുള്ള പെഴ്സിവാല്‍ ഹോള്‍ട്ട് എന്നിവരും കത്തോലിക്ക യുവജന പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിലെ കോട്ടപ്പുറം രൂപതാംഗമായ പോള്‍ ജോസാണ് സംഘത്തിലെ ഏകമലയാളി.

ദേശീയ യുവജനസമിതിയുടെ അദ്ധ്യക്ഷനും ജലന്തര്‍ രൂപതയുടെ മെത്രാനുമായ ഫ്രാങ്കോ മുളക്കലാണ് യുവജന പ്രതിനിധിസംഘത്തിന്‍റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഭാരതത്തിലെ യുവജനങ്ങള്‍ സ്വന്തം അസ്തിത്വത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്നും അവര്‍ സമാധാനം പുലരുന്ന സമൂഹത്തിനുവേണ്ടി പരിശ്രമിക്കണമെന്നും സഭ അഭിലഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” (Young People, the Faith, and Vocational Discernment) എന്നതാണ് ഒക്ടോബറിലെ മെത്രാന്മാരുടെ പതിനഞ്ചാം പൊതുസമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം. ഇതിന് മുന്നോടിയായാണ് പ്രീയുവജന സമ്മേളനം നടക്കുന്നത്.


Related Articles »