News - 2024

ഇസ്രായേലില്‍ 700 വര്‍ഷം പഴക്കമുള്ള സാന്താക്ലോസ് മോതിരം കണ്ടെത്തി

സ്വന്തം ലേഖകന്‍ 03-03-2018 - Saturday

ജെസ്രീല്‍ വാലി: ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയങ്കരനായ സാന്താക്ലോസ് എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ ചിത്രമുള്ള അപൂര്‍വ്വ വെങ്കല മോതിരം കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു വകുപ്പ്. 700-ഓളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന്‍ കരുതപ്പെടുന്ന മോതിരം ജെസ്രീല്‍ വാലിയിലെ മൊഷാവ്‌ ഹയോഗേവ്‌ പ്രദേശത്തു നിന്നും ഡെകേല്‍ ബെന്‍-ഷിട്രിറ്റ് എന്ന യുവാവാണ് കണ്ടെത്തിയത്. തനിക്ക് കിട്ടിയ മോതിരത്തിന്റെ ചിത്രം ബെന്‍-ഷിട്രിറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതോടെയാണ് കണ്ടുപിടിത്തത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്.

ഫേസ്ബുക്കില്‍ മോതിരത്തിന്റെ ചിത്രം കണ്ട ഇസ്രായേലി നേച്ചര്‍ ആന്‍ഡ്‌ പാര്‍ക്സ് അതോറിറ്റി ലോവര്‍ ഗലീലി എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടറായ ഡോ. ബ്രോര്‍ ബെന്‍ യോസെഫ്, ബെന്‍-ഷിട്രിറ്റിനെ ഇസ്രായേലി പുരാവസ്തു അതോറിറ്റിയുമായി ബന്ധപ്പെടുത്തുകയായിരുന്നു. നാലാം നൂറ്റാണ്ടിലായിരുന്നു വിശുദ്ധ നിക്കോളാസ് ജീവിച്ചിരുന്നത്. ഇന്നത്തെ തുര്‍ക്കിയിലെ മിറായിലെ ഗ്രീക്ക് മെത്രാനായിരുന്നു അദ്ദേഹം. ക്രിസ്തുമസ് കാലത്ത് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സാന്താക്ലോസ് (ക്രിസ്തുമസ് പാപ്പ) ആയിട്ടാണ് വിശുദ്ധ നിക്കോളാസിനെ ലോകം നോക്കിക്കാണുന്നത്.

12-15 നൂറ്റാണ്ടുകളിലേതാവാം ഈ മോതിരമെന്നാണ് ഇസ്രായേലി പുരാവസ്തു അതോറിറ്റിയിലെ ഡോ. യാനാ ചെഖാനോവെറ്റ്സ് പറയുന്നത്. മൗണ്ട് താബോറിലേക്കുള്ള തീര്‍ത്ഥാടന പാത മൊഷാവ്‌ ഹയോഗേവിലൂടെയായിരുന്നു കടന്നുപോയിരുന്നതെന്നും, അതിനാല്‍ തീര്‍ത്ഥാടനത്തിനിടയിലെ സംരക്ഷണത്തിനായി ഏതെങ്കിലും തീര്‍ത്ഥാടകന്‍ അണിഞ്ഞിരുന്നതാവാം ഈ മോതിരമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. മോതിരം കണ്ടെത്തിയ ഡെകേല്‍ ബെന്‍-ഷിട്രിറ്റ് ജനിച്ചതും ഒരു ക്രിസ്തുമസ് ദിനത്തിലാണെന്ന അപൂര്‍വ്വതയും കണ്ടെത്തലിന് പിന്നിലുണ്ട്.


Related Articles »