Youth Zone - 2025

ഡിസ്നി പ്ലസ്സിന്റെ പുതിയ സാന്താക്ലോസ് പരമ്പരയില്‍ ക്രിസ്തീയ വേരുകളെ ഉള്‍പ്പെടുത്തുമെന്ന് നടന്‍ ടിം അലന്‍

പ്രവാചകശബ്ദം 30-11-2022 - Wednesday

ന്യൂയോര്‍ക്ക്: ക്രിസ്തുമസ്സിന്റെ വിശ്വാസപരമായ സത്തയെ കേന്ദ്രീകരിച്ചായിരിക്കും സാന്താക്ലോസ് സിനിമകളെ ആസ്പദമാക്കിയുള്ള ഡിസ്നി പ്ലസ് നിര്‍മ്മിച്ചിരിക്കുന്ന ‘ദി സാന്റാ ക്ളോസസ്’ എന്ന പുതിയ കോമഡി, ഫാന്റസി പരമ്പരയെന്ന് നടനും കൊമേഡിയനുമായ ടിം അലന്‍. അമേരിക്കന്‍ ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റായ ‘ദി റാപ്’ന് നല്‍കിയ അഭിമുഖത്തിലാണ് ടിം ഇക്കാര്യം പറഞ്ഞത്. പുതിയ പരമ്പരയുടെ യഥാര്‍ത്ഥ തിരക്കഥയില്‍ വിശ്വാസത്തിന് വലിയ പ്രാധാന്യം ഇല്ലായിരുന്നെങ്കിലും ക്രിസ്തുമസ്സിന്റെ ക്രിസ്ത്യന്‍ വേരുകളെ വെളിപ്പെടുത്തുന്നതായിരിക്കണം പുതിയ പരമ്പരയെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“യഥാര്‍ത്ഥ തിരക്കഥയില്‍ ഭൂതങ്ങള്‍ പോലത്തെ ധാരാളം കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞു ഇത് ക്രിസ്തുമസ്സാണ്. “ശരിക്കും ഇതൊരു വിശ്വാസപരമായ ആഘോഷമാണ്. അത് നാം അംഗീകരിക്കണം". നിങ്ങള്‍ക്ക് സാന്താക്ലോസ് എന്താണെന്ന് മനസ്സിലാകണമെങ്കില്‍ ചരിത്രത്തിലേക്ക് തിരിച്ചു പോകണമെന്നും ഇത് വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും ടിം പറഞ്ഞു. വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ ജീവിതം ദി സാന്താക്ളോസസില്‍ കാണുവാന്‍ കഴിയുമെന്ന് പറഞ്ഞ ടിം വളരെ നല്ല രീതിയിലാണ് പരമ്പരയിൽ വിശ്വാസത്തെ കൈകാര്യം ചെയ്തിരിക്കുന്നതെന്നും, അവസാന രണ്ട് എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മനസ്സിലാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ആഴങ്ങളിലേക്ക് മുങ്ങിയതിന് ശേഷമാണ് വിശുദ്ധ നിക്കോളാസിനേയും, ഇതിനെല്ലാം തുടക്കം കുറിച്ച തുര്‍ക്കി വൈദികനെയും കുറിച്ച് കൂടുതല്‍ അറിഞ്ഞതെന്നും ടിം പറയുന്നു. 1994-ല്‍ ഇറങ്ങിയ ദി സാന്താക്ലോസ് സിനിമയുടെ തുടര്‍ച്ചയാണ് ഈ പരമ്പര. സാന്താക്ലോസായി മാറുന്ന സ്കോട്ട് കാല്‍വിന്റെ വേഷമാണ് ടിം കൈകാര്യം ചെയ്യുന്നത്. ക്രിസ്തുമസ് സംബന്ധിക്കുന്ന ടെലിവിഷന്‍ പരിപാടികളില്‍ സാധാരണയായി ക്രിസ്തീയ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്ന പതിവാണ് സാധാരണയാണ് കാണാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായുള്ള തീരുമാനത്തിന് വലിയ അഭിനന്ദനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് എപ്പിസോഡുകള്‍ കഴിഞ്ഞയാഴ്ച ഡിസ്നി പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്നു.


Related Articles »