India - 2024

മദ്യനയത്തിന് എതിരെയുള്ള കെ‌സി‌ബി‌സിയുടെ പ്രതിഷേധ പരിപാടി 21 മുതല്‍

സ്വന്തം ലേഖകന്‍ 18-03-2018 - Sunday

കോട്ടയം: സംസ്ഥാനത്താകെ മദ്യപ്രളയം സൃഷ്ടിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികളുമായി കെസിബിസി. 21നു രാവിലെ 11നു കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പുതിയ നയം അഗ്‌നിക്കിരയാക്കും. ഏപ്രില്‍ രണ്ടിനു 10 മുതല്‍ നാലുവരെ സാമുദായിക നേതാക്കളും ബിഷപ്പുമാരും വി.എം. സുധീരനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഏകദിന സമ്മേളനം നടക്കും. മനുഷ്യജീവനുകളെ കുരുതിക്കു കൊടുക്കുന്ന പുതിയ മദ്യനയം ഉപതെരഞ്ഞെടുപ്പില്‍ കെസിബിസി മദ്യവിരുദ്ധ സമിതി മുഖ്യപ്രചാരണവിഷയമാക്കുമെന്നും സമിതി വ്യക്തമാക്കി.

കുടിവെള്ളമില്ലാത്ത നാട്ടില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും തൊഴില്‍ ഉണ്ടാക്കാന്‍ ജീവനുകളെ ഇല്ലാതാക്കാനാണു തൊഴില്‍ മന്ത്രികൂടിയായ എക്‌സൈസ് മന്ത്രി ശ്രമിക്കുന്നതെന്നും മദ്യവിരുദ്ധ സംഘടനകള്‍ കുറിച്ചു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേല്‍, ദേവസ്യ കെ. വര്‍ഗീസ് തുടങ്ങീ നിരവധിപേര്‍ പ്രസംഗിച്ചു.


Related Articles »