India - 2024

ദൈവം നല്‍കിയ സമ്മാനങ്ങളാണ് ദൈവവചനവും വിശുദ്ധ കുര്‍ബാനയും: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

സ്വന്തം ലേഖകന്‍ 07-05-2018 - Monday

തൊടുപുഴ: ദൈവം നല്‍കിയ രണ്ടു സമ്മാനങ്ങളാണ് ദൈവ വചനവും വിശുദ്ധ കുര്‍ബാനയുമെന്ന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ദൈവസ്വരം 2018 തൊടുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വചന ശ്രവണത്തിലൂടെ നമ്മുടെ ഹൃദയങ്ങള്‍ ജ്വലിക്കണമെന്നും വിശുദ്ധ കുര്‍ബാന അനുഭവത്തിലൂടെ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

നാം തീര്‍ത്ഥാടകരാണ്. ഈ ലോകം നമ്മുടെ ആത്യന്തിക ലക്ഷ്യമല്ല. സ്വര്‍ഗീയ ഭവനമാണ് നമ്മുടെ ലക്ഷ്യം. മനുഷ്യന്‍ ദൈവഹിതം നിറവേറ്റുന്‌പോഴാണ് സമാധാനം കൈവരിക. ദൈവം നമുക്ക് നല്‍കിയ രണ്ടു സമ്മാനങ്ങളാണ് ദൈവ വചനവും വിശുദ്ധ കുര്‍ബാനയും. വചന ശ്രവണത്തിലൂടെ നമ്മുടെ ഹൃദയങ്ങള്‍ ജ്വലിക്കണം, കുര്‍ബാന അനുഭവത്തിലൂടെ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടണം. ദൈവത്തിന്റെ സ്‌നേഹത്തില്‍ എല്ലാ മനുഷരും ഒന്നായി തീരണമെന്നതാണ് അവിടുത്തെ ഹിതം. ശിഷ്യര്‍ക്കു വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന ഇതായിരുന്നുവെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു.

ബൈബിള്‍ പ്രതിഷ്ഠയോടെയായിരുന്നു കണ്‍വെന്‍ഷന്‍ തുടങ്ങിയത്. ഫൊറോന വികാരി റവ. ഡോ. ജിയോ തടിക്കാട്ട് കൈമാറിയ വിശുദ്ധ ഗ്രന്ഥം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു കുര്‍ബാന അര്‍പ്പിച്ചു. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയല്‍ പൂവണ്ണത്തിലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 8.30നു സമാപിക്കും. അയ്യായിരത്തിലധികം പേര്‍ക്കു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നത്.


Related Articles »