India - 2024

സ്വജീവിത മാതൃകയിലൂടെ ഈശോയെ പകര്‍ന്നു നല്‍കാന്‍ വിശ്വാസ പരിശീലകര്‍ക്ക് സാധിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍

സ്വന്തം ലേഖകന്‍ 31-05-2018 - Thursday

കോട്ടയം: ദൈവവിശ്വാസത്തില്‍ ആഴമായി വളര്‍ന്ന് പരിശുദ്ധ കുര്‍ബാനയില്‍ നിന്നും ദിവ്യകാരുണ്യചൈതന്യം ഉള്‍ക്കൊണ്ട് സ്വന്തം ജീവിതമാതൃകയിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഈശോയെ പകര്‍ന്നു നല്‍കാന്‍ വിശ്വാസ പരിശീലകര്‍ക്ക് സാധിക്കണമെന്ന് സീറോ മലബാര്‍ സഭ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍. കോട്ടയം അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച മതാധ്യാപക നേതൃസംഗമത്തിന്റെ സമാപനസമ്മേളനത്തില്‍ ആമുഖസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസ പരിശീലകര്‍ ദൈവികചൈതന്യത്തിന്റെ സംവാഹകരാണെന്നും ബിഷപ്പ് പറഞ്ഞു.

പുതിയ അധ്യായന വര്‍ഷത്തെ വിശ്വാസ പരിശീലന കലണ്ടര്‍ മതബോധനകമ്മീഷന്‍ അംഗമായ എ.സി. ലൂക്കോസ് ആണ്ടൂരിന് നല്‍കി മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പ്രകാശനം ചെയ്തു. മതാധ്യാപക സംഗമം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കൊച്ചാദംപള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച സംഗമത്തില്‍ സിസ്റ്റര്‍ ഇസബെല്ല എസ്‌ജെസി, കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനായ ഫാ. ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »