Faith And Reason

അഗ്നിബാധയില്‍ സംരക്ഷകനായത് 'പ്രകൃതിയുടെ വിശുദ്ധന്‍'; സാക്ഷ്യവുമായി മൃഗശാല ഉടമ

സ്വന്തം ലേഖകന്‍ 31-05-2018 - Thursday

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിലെ അക്കാഡിയായിലെ 'സൂസിയാന' മൃഗശാലയിലുണ്ടായ ശക്തമായ തീപിടുത്തത്തില്‍ സംരക്ഷകനായത് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെന്നു മൃഗശാല ഉടമയുടെ സാക്ഷ്യപ്പെടുത്തല്‍. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അഗ്നിബാധയില്‍ മൃഗശാലക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും മൃഗങ്ങള്‍ യാതൊരുവിധ പൊള്ളലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരിന്നു. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മാധ്യസ്ഥമാണ് ഇതിന് കാരണമായി മൃഗശാലയുടെ ഉടമയായ ജോര്‍ജ്ജ് ഓള്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്.

ലൂസിയാനയിലെ ലാഫായെറ്റെ രൂപത പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജിലാണ് ഈ അത്ഭുത സംഭവത്തെക്കുറിച്ചുള്ള വിവരണമുള്ളത്. മൂന്നാം നിലവരെ ഉയര്‍ന്ന തീപിടുത്തത്തില്‍ മൃഗശാലയുടെ ട്രെയിന്‍ ഡിപ്പോ വരെ പൂര്‍ണ്ണമായും കത്തി നശിച്ചുവെങ്കിലും മൃഗങ്ങള്‍ക്കൊന്നിനും ചെറിയ പൊള്ളല്‍ പോലുമേറ്റില്ല. വളരെ ശക്തമായ തീപിടുത്തമായിരുന്നുവെന്നാണ് ജോര്‍ജ്ജിനെ ഉദ്ധരിച്ച് രൂപതയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ശനിയാഴ്ച രാത്രി ശബ്ദം കേട്ട് താന്‍ ഉണര്‍ന്നപ്പോള്‍ കണ്ട കാഴ്ച, ഞെട്ടിക്കുന്നതായിരിന്നുവെന്നു ജോര്‍ജ്ജ് ഓള്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തി.

മൃഗശാലയുടെ മൂന്നാം നിലവരെ തീനാളങ്ങള്‍ ഉയര്‍ന്നു. ശക്തമായ ചൂട് കാരണം കോണ്‍ക്രീറ്റ് സ്ലാബുകള്‍ വരെ പൊട്ടിത്തെറിക്കുവാന്‍ തുടങ്ങി. ജിറാഫുകളേയും, കുരങ്ങന്‍മാരേയും പാര്‍പ്പിച്ചിരുന്ന സ്ഥലത്തിന് സമീപം വരെ തീ എത്തിക്കഴിഞ്ഞു. മൃഗങ്ങളെ എപ്രകാരം രക്ഷപ്പെടുത്തുമെന്നോര്‍ത്ത് താന്‍ ഒരുപാട് വിഷമിച്ചുവെന്ന് ഓള്‍ഡന്‍ബര്‍ഗ് പറയുന്നു. മൃഗങ്ങളെ വെന്തുമരിക്കുവാന്‍ വിടുന്നതിലും ഭേദം തുറന്നുവിടുന്നത് തന്നെയാണെന്ന് തീരുമാനിച്ചുകൊണ്ട് താന്‍ അവരെ തുറന്നുവിടുവാന്‍ പോയതായിരിന്നു. എന്നാല്‍ തുറന്നുവിടുന്നതിനു മുന്‍പേ തന്നെ അഗ്നിശമന സേനക്കാര്‍ക്ക് തീയണക്കുവാന്‍ സാധിച്ചു.

പിറ്റേ ദിവസമാണ് ഈ അത്ഭുതത്തിന്റെ പിന്നില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണെന്ന് താന്‍ മനസ്സിലാക്കുന്നതെന്ന് ഓള്‍ഡന്‍ബര്‍ഗ് പറയുന്നു. കത്തിനശിച്ച സാധനങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ യാദൃശ്ചികമായാണ് ഓള്‍ഡന്‍ബര്‍ഗ് ആ കാഴ്ച കണ്ടത്. 'യാതൊരു കേടുപാടുമില്ലാത്ത വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ രൂപം'. തനിക്കത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ലായെന്നും വിശുദ്ധന്റെ ഇടപെടല്‍ മൂലം പരിശുദ്ധാത്മാവാണ് മൃഗശാലയില്‍ അത്ഭുതം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുളകളും, ഉണങ്ങിയ പലകകളും കൊണ്ടുള്ള നടവഴികളാണ് മൃഗശാലയില്‍ ഉണ്ടായിരുന്നത്. എളുപ്പത്തില്‍ തീ പിടിക്കാവുന്നവയാണത്. എന്നാല്‍ എന്തുകൊണ്ട് മൃഗങ്ങളുടെ അടുത്തെത്തിയപ്പോള്‍ അഗ്നി ശമിച്ചു? ഓള്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ചോദ്യമാണ്. “വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് ഇതിന്റെ കാരണമെന്നാണ് ഞാന്‍ പറയുന്നത്. ശരിക്കും വിശുദ്ധന്‍ എന്റെ മൃഗങ്ങളെ സംരക്ഷിക്കുകയായിരുന്നു”. ഓള്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. പ്രകൃതിയിലെ സകല ജീവജാലങ്ങളോടും സുവിശേഷം പ്രഘോഷിച്ചു കടന്നു പോയ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി, തനിക്ക് ചെയ്തു തന്ന വലിയ അനുഗ്രഹത്തിന് ഇന്നു നന്ദി പ്രകാശിപ്പിക്കുകയാണ് ഓള്‍ഡന്‍ബര്‍ഗ്.

More Archives >>

Page 1 of 2