Faith And Reason - 2024

മാർപാപ്പയുടെ പേരിൽ വീണ്ടും വ്യാജവാർത്ത; നരകം ഇല്ല എന്നപേരിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ചുകൊണ്ട് വത്തിക്കാൻ

സ്വന്തം ലേഖകന്‍ 30-03-2018 - Friday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത. ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്കാൽഫാരി മാര്‍പാപ്പയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ നരകം ഇല്ല എന്നു മാര്‍പാപ്പ പ്രസ്താവിച്ചതായാണ് ഇന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി ചൂണ്ടിക്കാണിച്ചുള്ള സ്കാൽഫാരിയുടെ റിപ്പോർട്ടിന് വ്യാപകമായ ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്നു വത്തിക്കാൻ പ്രസ്താവന ഇറക്കുകയായിരിന്നു.

"പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ അടുത്തിടെ ലാ റിപ്പബ്ലിക്കാ എന്ന പത്രത്തിന്റെ സ്ഥാപകനെ ഈസ്റ്റർ പ്രമാണിച്ച് ഒരു സ്വകാര്യ കൂടികാഴ്ച്ചക്കായി സ്വീകരിച്ചിരുന്നു. പക്ഷേ അഭിമുഖം ഒന്നും നൽകിയിരുന്നില്ല. ഇന്ന് പ്രസ്തുത പത്രത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ലേഖനം, അദ്ദേഹത്തിന്റെ തന്നെ പുനർസൃഷ്ട്ടിയാണ്. അതിൽ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ അതേ പടി നൽകിയിട്ടില്ല. അതിനാൽ അതിൽ പറഞ്ഞിരിക്കുന്ന ഉദ്ധരണികൾ ഒന്നും പരിശുദ്ധ പിതാവ് പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ യോഗ്യമായ രേഖയായി കരുതരുത്". വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

മാര്‍പാപ്പ നരകമില്ലെന്ന് തന്നോടു പറഞ്ഞതായി അവകാശപ്പെടുന്ന യൂജീനോ സ്കാൽഫാരി നേരെത്തെയും വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി യുജിനോ സ്കാൽഫാരി റിപ്പോർട്ട് ചെയ്യുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാകാറുണ്ടെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവായിരിന്ന ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ലാ റിപ്പബ്ലിക്ക സ്ഥാപകരിൽ ഒരാളും, 1976 - 1996 കാലഘട്ടത്തിൽ എഡിറ്ററും ആയിരുന്ന യുജിനോ സ്കാൽഫാരിക്ക് 93 വയസ്സാണുള്ളത്.

More Archives >>

Page 1 of 2