Faith And Reason

'ഞാന്‍ എന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല': ക്രിസ്തുവിനായി എറിട്രിയന്‍ പൗരൻ ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷം

സ്വന്തം ലേഖകന്‍ 22-01-2018 - Monday

അസ്മാര: യേശുവിലുള്ള വിശ്വാസത്തിന് വേണ്ടി എറിട്രിയന്‍ പൗരൻ ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷം. വേള്‍ഡ് വാച്ച് മോണിറ്ററാണ് ഷിഡന്‍ എന്ന വിശ്വാസിയുടെ ജയില്‍ ജീവിതത്തെകുറിച്ചും, മോചനത്തെകുറിച്ചുമുള്ള വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വൃത്തിഹീനമായ സാഹചര്യങ്ങളും, കഷ്ടതകളും നിറഞ്ഞ ഒരു ദശാബ്ദക്കാലത്തെ ജയില്‍ ജീവിതത്തില്‍ യേശുവിലുള്ള ഷിഡന്റെ വിശ്വാസത്തില്‍ അല്‍പ്പം പോലും കുറവ് വരുത്തിയിട്ടില്ല. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ജയിലിലെ ഗാര്‍ഡുമാര്‍ ഷിഡനെ നിര്‍ബന്ധിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടും തന്റെ വിശ്വാസം ഉപേക്ഷിക്കുവാൻ അദ്ദേഹം തയാറായിരുന്നില്ല.

കൗമാരത്തിന്റെ അവസാനഘട്ടത്തിലാണ് ഷിഡന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. തന്റെ 22-ാം വയസ്സില്‍ ഷിഡന്‍ സൈന്യത്തില്‍ ചേര്‍ന്നുവെങ്കിലും, രഹസ്യ ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത കാരണത്താലാണ് ഷിഡന്‍ തടവിലാകുന്നതെന്ന് വേള്‍ഡ് വാച്ച് മോണിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുവാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഷിഡനോട് പലതവണ ആവശ്യപ്പെട്ടു. 'ഞാന്‍ എന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല, ഞാന്‍ എന്റെ വിശ്വാസത്തിലാണ് ജീവിക്കുന്നത്. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. അത് നിങ്ങള്‍ ബഹുമാനിക്കണം, അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടുവാന്‍ താന്‍ തയ്യാറാണ്' എന്നായിരുന്നു ഷിഡന്റെ മറുപടി.

അടുത്ത 10 വര്‍ഷക്കാലം ബറേണ്ടുവിലുള്ള ജനറല്‍ പ്രിസണിലായിരുന്നു ഷിഡന്റെ ജീവിതം. ശരിക്കുമൊന്ന്‍ നിവര്‍ന്നു നില്‍ക്കുവാനോ, കൈകള്‍ വിരിച്ചുപിടിക്കുവാനോ കഴിയാത്തവിധമുള്ള ഒരു ചെറിയ സെല്ലില്‍ ആറു മാസക്കാലത്തോളം ഷിഡന് കഴിയേണ്ടി വന്നുവെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഏകാന്ത തടവില്‍ നിന്നും മാറ്റപ്പെട്ടുവെങ്കിലും ഷിഡന്റെ മുറിയില്‍ നിന്നും ബൈബിള്‍ ഭാഗങ്ങള്‍ കണ്ടെടുത്തതിനാല്‍ വീണ്ടും മൂന്ന്‍ മാസക്കാലത്തേക്ക് ഏകാന്തതടവിലേക്ക് തന്നെ മാറ്റി. ഇക്കാലയളവില്‍ ഷിഡന് ആരെയും കാണുവാന്‍ അനുവാദമില്ലായിരുന്നു. വാതിലിന്റെ വിടവിലൂടെ നല്‍കുന്ന ഒരു കപ്പ് ചായയും ഒരു ബ്രഡ്ഡിന്റെ കഷണവുമായിരുന്നു ദിവസ ഭക്ഷണം. ഒടുവില്‍ അദ്ദേഹം ജയില്‍ മോചിതനാകുകയായിരിന്നു.

ജയില്‍ മോചിതനായ ശേഷവും തന്റെ ജയില്‍ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ ഷിഡനെ വേട്ടയാടുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ ചില ക്രിസ്ത്യന്‍ സഭകള്‍ക്ക് അംഗീകാരമുണ്ടെങ്കിലും, കടുത്ത മതപീഡനമാണ് അവിടെ നടക്കുന്നത്. മതമര്‍ദ്ദനം നടക്കുന്ന രാജ്യങ്ങളെ പറ്റിയുള്ള ഓപ്പണ്‍ഡോര്‍സിന്‍റെ 2018-ലെ വാച്ച് ലിസ്റ്റില്‍ 6-മതാണ് എറിട്രിയയുടെ സ്ഥാനം. കഴിഞ്ഞ മെയ്മാസം മുതല്‍ ഏതാണ്ട് 200-ഓളം ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് കണക്ക്.


Related Articles »