News - 2025
വിശ്വാസത്തിനു വേണ്ടി ഏറ്റെടുത്ത സഹനങ്ങളെ വിവരിച്ച് ഇറാഖി മെത്രാന്റെ സാക്ഷ്യം
സ്വന്തം ലേഖകന്‍ 15-06-2018 - Friday
ബാഗ്ദാദ്: അല്‍ ക്വയിദാ ഭീകരരുടെ തടവില്‍ അനുഭവിച്ച നരകയാതനകളെ വിവരിച്ചുകൊണ്ടെഴുതിയ ഇറാഖി മെത്രാന്‍ സാദ് സിറോപ് ഹന്നയുടെ ‘അബ്ഡക്ടഡ് ഇന്‍ ഇറാഖ്: എ പ്രീസ്റ്റ് ഇന്‍ ബാഗ്ദാദ്’ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. 2006 ഓഗസ്റ്റ് 15-ന് ഇറാഖില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് അല്‍-ക്വയിദയുമായി ബന്ധമുള്ള തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. ബെനഡിക്ട് പാപ്പായുടെ പ്രത്യേകമായ ഇടപെടലിനെ തുടര്‍ന്നു 28 ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 11-ന് അദ്ദേഹം മോചിതനാവുകകയായിരിന്നു. കഴിഞ്ഞ വര്‍ഷമാണ് ‘അബ്ഡക്ടഡ് ഇന്‍ ഇറാഖ് : എ പ്രീസ്റ്റ് ഇന്‍ ബാഗ്ദാദ്’ പുസ്തകം പ്രസിദ്ധീകരിച്ചത്.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഭീകരര്‍ തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി മെത്രാന്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ പുതിയ ജീവിതത്തിന്റെ കാരണം തന്നെ ദൈവമാണ്. കൊടിയ പീഡനത്തിന്റെ നാളുകളിലും തനിക്ക് പിടിച്ചുനില്‍ക്കുവാന്‍ ധൈര്യം നല്‍കിയതു ക്രിസ്തുവിലുള്ള വിശ്വാസമാണ്. ജനനം മുതല്‍ തനിക്കറിയാവുന്ന രാജ്യത്ത് വെച്ച് തന്നെ തനിക്കു ഇത്തരമൊരു അനുഭവമുണ്ടാകുമെന്ന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും എയറനോട്ടിക്കല്‍ എഞ്ചിനീയറിംഗിലും പരിശീലനം നേടിയിട്ടുള്ള ബിഷപ്പ് സാദ് സിറോപിന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ഇറാഖില്‍ ജനിച്ച് വളര്‍ന്നു വിവിധ മതങ്ങളില്‍പ്പെട്ട ധാരാളം സുഹൃത്തുക്കളും ഉള്ള തനിക്കിത് സംഭവിച്ചുവെങ്കില്‍ അത് ഇറാഖിന്റെ അവസ്ഥാ വ്യത്യാസങ്ങളെയാണ് എടുത്തുക്കാട്ടുന്നതെന്ന് ബിഷപ്പ് കുറിച്ചു. ഇറാഖിന്റെ മുറവിളികള്‍ ലോകം കേട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പൗരസ്ത്യ സഭകളായ കല്‍ദായ, അസ്സീറിയന്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളുടെ അവസാനത്തിനു നമ്മള്‍ സാക്ഷിയാകേണ്ടിവരും എന്ന മുന്നറിയിപ്പും അദ്ദേഹം തന്റെ പുസ്തകത്തില്‍ നല്‍കുന്നുണ്ട്.