News - 2024

‘ഹ്യുമാനെ വിറ്റേ’യെ പിന്തുണച്ചുകൊണ്ട് അഞ്ഞൂറോളം ബ്രിട്ടീഷ് വൈദികരുടെ പ്രസ്താവന

സ്വന്തം ലേഖകന്‍ 16-06-2018 - Saturday

ലണ്ടന്‍: 1968-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച ‘ഹ്യുമാനെ വീറ്റേ’ എന്ന ചാക്രിക ലേഖനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ചാക്രിക ലേഖനത്തിന് പരസ്യ പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടണില്‍ അഞ്ഞൂറോളം പുരോഹിതര്‍ ഒപ്പിട്ടു സംയുക്ത പ്രസ്താവനയിറക്കി. ഗർഭഛിദ്രം, ഗർഭനിരോധനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പരമ്പരാഗത നിലപാടുകൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ‘ഹ്യുമാനെ വീറ്റേ’ എന്ന ചാക്രിക ലേഖനം. ബ്രിട്ടീഷ് സഭാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണിതെന്നാണ് പ്രസ്താവനയില്‍ ഒപ്പിട്ടതിനെ ഒരു വൈദികന്‍ വിശേഷിപ്പിച്ചത്.

സമൂഹത്തിന്റെ നന്മക്ക് ഏറ്റവും അത്യാവശ്യമായ പ്രബോധനങ്ങളാണ് ചാക്രികലേഖനത്തിലുള്ളതെന്ന് പ്രസ്താവനയില്‍ പറയുന്നു. "എക്കാലത്തേക്കാളുമധികം ഇക്കാലത്താണ് ‘ഹുമാനെ വീറ്റേ’ക്ക് കൂടുതല്‍ പ്രസക്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാക്രിക ലേഖനം പുറത്തിറങ്ങിയപ്പോള്‍ പ്രബോധനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഗര്‍ഭനിരോധനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വാദിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ജീവനും സ്നേഹത്തിനും ഹാനികരമായ ഗർഭഛിദ്രം, ഗർഭനിരോധനം തുടങ്ങിയ ഭീഷണികള്‍ പതി മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്.

എതിര്‍ത്തവര്‍ വരെ സഭാപ്രബോധനങ്ങളെ പൂര്‍ണ്ണമായി പിന്തുടരുകയാണ്. ചാക്രിക ലേഖനത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരുസഭ മനസ്സിലാക്കുമെന്നും അജപാലനത്തിലും, സുവിശേഷവത്കരണത്തിലും ഈ പ്രബോധനത്തിനു പ്രമുഖ സ്ഥാനം നല്‍കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് പുരോഹിതരുടെ പ്രസ്താവന അവസാനിക്കുന്നത്.

‘ഹ്യുമാനെ വീറ്റേ’യിലെ പ്രബോധനങ്ങള്‍ കാലാനുസൃതമല്ല എന്നാരോപിച്ച് തള്ളിക്കളയുവാനും കത്തോലിക്കാ പ്രബോധനങ്ങളില്‍ ആധുനികത കുത്തിനിറക്കുവാനുമുള്ള ശ്രമങ്ങള്‍ ആഗോള തലത്തില്‍ തന്നെ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് വൈദികരുടെ നീക്കത്തിനു പ്രത്യേക പ്രാധാന്യം തന്നെയുണ്ടെന്ന് വിവിധ അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ നൂറു വൈദികരെ ഒരുമിച്ച് കൂട്ടുവാന്‍ ബുദ്ധിമുട്ടുള്ള ഇക്കാലത്ത് അഞ്ഞൂറോളം വൈദികര്‍ സംയുക്ത പ്രസ്താവനയിറക്കിയത് ഏറെ ശ്രദ്ധേയമാണെന്നും മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു.


Related Articles »