News - 2025

കൊറിയകളുടെ ഐക്യത്തിന് വേണ്ടിയുള്ള നവനാള്‍ നൊവേനക്ക് ആരംഭം

സ്വന്തം ലേഖകന്‍ 18-06-2018 - Monday

സിയോള്‍: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്നുമായി നടന്ന ചരിത്രപരമായ കൂടിക്കാഴ്ചകളെ തുടര്‍ന്ന്‍ കൊറിയന്‍ മേഖലയെ പ്രത്യേകമായി സമര്‍പ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയിലെ മെത്രാന്‍മാരുടെ ആഹ്വാന പ്രകാരം 9 ദിവസത്തെ നൊവേനക്ക് ഇന്നലെ ആരംഭം. കൊറിയന്‍ ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായ ജൂണ്‍ 25-നാണ് നൊവേന അവസാനിക്കുക. ദശാബ്ദങ്ങളായി കൊറിയന്‍ മേഖലയുടെ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സഭാനേതൃത്വം സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ മറ്റൊരു പടി എന്ന നിലയിലാണ് നവനാള്‍ നൊവേന ആരംഭിച്ചത്.

ഓരോ ദിവസവും പ്രത്യേക നിയോഗം സമര്‍പ്പിച്ചാണ് നൊവേന ചൊല്ലുന്നത്. ഇന്നലെ ചൊല്ലിയ നൊവേന രാഷ്ട്രങ്ങളുടെ ഐക്യം എന്ന നിയോഗത്തിന് വേണ്ടിയായിരിന്നു. ഇന്ന്‍ വിഭജിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടിയും നാളെ ഉത്തര കൊറിയയിലെ സഹോദരീ-സഹോദരന്‍മാര്‍ക്ക് വേണ്ടിയും ജൂണ്‍ 20 കൂറു മാറിയവര്‍ക്ക് വേണ്ടിയും ജൂണ്‍ 21-ഇരു രാഷ്ട്രങ്ങളിലെ നേതാക്കള്‍ക്ക് വേണ്ടിയും ജൂണ്‍ 22 ഉത്തരകൊറിയയുടെ സുവിശേഷവത്കരണത്തിനുവേണ്ടിയും ജൂണ്‍ 23-ഇരു കൊറിയകളും തമ്മിലുള്ള പരസ്പര സഹകരണത്തിനു വേണ്ടിയും ജൂണ്‍ 24 യഥാര്‍ത്ഥ അനുരജ്ഞനത്തിനു വേണ്ടിയും ജൂണ്‍ 25-ഇരു കൊറിയകളുടേയും സമാധാനപരമായ ഒന്നിക്കലിനു വേണ്ടിയും ആണ് പ്രാര്‍ത്ഥിക്കുക.

1965-മുതല്‍ കൊറിയന്‍ കത്തോലിക്ക വിശ്വാസികള്‍ ജൂണ്‍ 25 കൊറിയന്‍ മേഖലയുടെ ഐക്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചുവരികയാണ്. ഇതിനു മുന്‍പ് 1993-ല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അധിഷ്ടിതമായിരുന്ന ഉത്തര കൊറിയയുടെ സാമ്പത്തിക മേഖല പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്ഷാമകാലത്താണ് ഇരു കൊറിയകളുടേയും ഐക്യത്തിനായി ആദ്യമായി സഭാനേതൃത്വം നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തത്.


Related Articles »