News - 2025

ജീവന് വേണ്ടി സ്വരമുയര്‍ത്തി ദക്ഷിണ കൊറിയയിലും മാർച്ച് ഫോർ ലൈഫ്

സ്വന്തം ലേഖകന്‍ 20-06-2018 - Wednesday

സിയോൾ: ഗര്‍ഭഛിദ്രത്തിന് എതിരെ സ്വരമുയര്‍ത്തി കൊറിയൻ കത്തോലിക്ക സമൂഹം മാർച്ച് ഫോർ ലൈഫ് റാലി സംഘടിപ്പിച്ചു. അബോർഷൻ നിയമപരമാക്കുന്നത് തടയുക, മനുഷ്യ ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ പതിനാറിന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലാണ് റാലി നടത്തിയത്. കത്തീഡ്രൽ ദേവാലയത്തില്‍ പ്രവേശിച്ച റാലിയെ സിയോൾ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആൻഡ്രൂ യോം സൂ- ജുങ്ങ് അഭിസംബോധന ചെയ്തു. ഗർഭാവസ്ഥയിൽ വളരെ ദുർബലമായ ജീവൻ അതിന്റെ പൂർണതയിൽ സ്വീകരിക്കാനും സംരക്ഷിക്കാനും ഓരോ മനുഷ്യനും അവകാശമുണ്ടെന്നും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ചിന്താഗതികളാണ് സ്ത്രീകളെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു.

ഭ്രൂണഹത്യ എല്ലായ്പ്പോഴും തെറ്റായ തീരുമാനമാണെന്നും ജീവനെ ബഹുമാനിക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഴുപതുകളിൽ അമേരിക്കയിൽ പ്രോ ലൈഫ് മൂവ്മെന്റ് ആരംഭിച്ചതാണ് മാർച്ച് ഫോർ ലൈഫ്. ഭ്രൂണഹത്യ അനുകൂല നിലപാടുകള്‍ക്ക് എതിരെയും ജീവൻ സംരക്ഷിക്കുന്നതിനുമായി വിവിധ രാജ്യങ്ങളിൽ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൊറിയയിലും കഴിഞ്ഞ ദിവസം റാലി നടന്നത്.

ഗര്‍ഭഛിദ്രത്തിന് നിയമപരമായ വിലക്കുകള്‍ ഉള്ള ദക്ഷിണ കൊറിയയില്‍ രഹസ്യമായി നിരവധി ഭ്രൂണഹത്യ നടക്കുന്നുണ്ട്. അതേസമയം സ്ത്രീകളുടെ അവകാശത്തിനെതിരെയുള്ള കടന്നുകയറ്റമായി അബോർഷനെ ചൂണ്ടിക്കാണിക്കുന്ന ഗര്‍ഭഛിദ്രാനുകൂല സിവിൽ സംഘടനകളും രംഗത്തുണ്ട്. ഇതിനെതിരെ ജീവന്റെ മഹത്വവും മൂല്യവും സ്ഥാപിതമാക്കാൻ കൊറിയൻ പ്രോലൈഫ് സംഘടനകൾ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.


Related Articles »