News - 2025
ലഹരി മരുന്നുപയോഗം പാപമാണെന്നു ആവര്‍ത്തിച്ച് കനേഡിയന്‍ മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 27-06-2018 - Wednesday
ഒന്‍റാരിയോ: ലഹരി വസ്തുവായ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമല്ലായെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനത്തെ അപലപിച്ചു കനേഡിയന്‍ മെത്രാന്‍ സമിതി. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് പാപമാണെന്ന സഭയുടെ നിലപാട് ആവര്‍ത്തിച്ച കനേഡിയന്‍ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറിയായ മോണ്‍. ഫ്രാങ്ക് ലിയോ, വൈദ്യ ശാസ്ത്ര രംഗത്തെ ഉപയോഗത്തിനല്ലാതെ മരിജുവാന ഉപയോഗിക്കുന്നത് മാനുഷിക മൂല്യങ്ങളെ തകര്‍ക്കുമെന്നതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. മദ്യം, പുകവലി, മയക്ക് മരുന്ന്‍ തുടങ്ങിയവയുടെ ദുരുപയോഗം ഒഴിവാക്കപ്പെടേണ്ടതാണെന്ന് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും, ലഹരി വസ്തുക്കള്‍ ആരോഗ്യത്തിനും, ജീവനും മാരകമായ കേടുപാടുകള്‍ വരുത്തുന്നതിനാല്‍ അത് പാപമാണെന്നും മോണ്‍. ഫ്രാങ്ക് ലിയോ വിവരിച്ചു.
ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടതിനു പകരം അവയില്‍ നിന്നും ഒളിച്ചോടുവാനുള്ള ഒരുപാധിയായി കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മാറുമെന്ന് ഒട്ടാവയിലെ മെത്രാപ്പോലീത്ത ടെറെന്‍സ് പ്രന്‍ഡര്‍ഗാസ്റ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരിജുവാനയുടെ ഉപയോഗം ഒരു മനുഷ്യന്റെ തീരുമാനങ്ങളെ എപ്രകാരം സ്വാധീനിക്കുമെന്ന് മെത്രാന്‍മാരും, വൈദീകരും, മതപ്രബോധകരും, യുവജനങ്ങളും ആളുകളെ പറഞ്ഞുമനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ ലഹരിക്കു അടിമയാകുന്നതില്‍ നിന്നും തടയുന്നതില്‍ മാതാ-പിതാക്കള്‍ക്കും പങ്കുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
“നമ്മുടെ ശരീരം നമ്മുടെ ഉപയോഗത്തിനുള്ളതാണ്, എന്നാല്‍ നമ്മുടെ ശരീരത്തോട് നമ്മള്‍ എന്താണ് ചെയ്തതെന്ന് ഒരുദിവസം ദൈവത്തോടു നമുക്ക് കണക്ക് പറയേണ്ടി വരും. ലഹരിയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് അത് ഉപയോഗിക്കുന്നത് ശരിയാണോ?” മെത്രാപ്പോലീത്ത പറഞ്ഞു. കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് കാനഡ. കനേഡിയന്‍ സര്‍ക്കാരിന്റെ ലഹരിവസ്തുക്കളെ സംബന്ധിച്ച നിയമത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ ജൂണ്‍ 21-നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മരിജുവാന ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന പ്രഖ്യാപനം നടത്തിയത്.
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ശാരീരിക രോഗങ്ങള്‍ക്ക് പുറമേ ഷിസോഫ്രേണിയ പോലെയുള്ള മാനസികരോഗങ്ങള്‍ക്ക് ലഹരിമരുന്നുപയോഗം കാരണമാകുമെന്ന് പറഞ്ഞുകൊണ്ട് കഞ്ചാവ് നിയമപരമാക്കുന്നതിനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ വര്‍ഷം തന്നെ മെത്രാന്‍ സമിതി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം, അടക്കമുള്ള സകല പാപങ്ങള്‍ക്കും പിന്തുണ നല്‍കുന്ന പ്രസിഡന്‍റാണ് ലിബറല്‍ പാര്‍ട്ടി അംഗമായ ജസ്റ്റിന്‍ ട്രൂഡോ.