News
പുതിയ ദൗത്യമേറ്റെടുത്ത് 14 കര്‍ദ്ദിനാളുമാര്‍
സ്വന്തം ലേഖകന്‍ 29-06-2018 - Friday
വത്തിക്കാന്‍ സിറ്റി: ആഗോള സഭയ്ക്കു പുത്തന്‍ ഉണര്‍വ് സമ്മാനിച്ചു ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച 14 പുതിയ കര്‍ദ്ദിനാളുമാരുടെ സ്ഥാനാരോഹണം ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്നു. സ്ഥാനിക ചിഹ്നങ്ങളായ തൊപ്പിയും മോതിരവും അണിയിച്ചാണ് നവ കര്‍ദ്ദിനാളന്മാര്‍ക്ക് മാര്‍പാപ്പ പുതിയ പദവി സമ്മാനിച്ചത്. നിയമന ഉത്തരവും സ്ഥാനിക ഭദ്രാസന ദേവാലയം ഏതെന്നു വെളിപ്പുത്തുന്ന രേഖയും ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ ഓരോരുത്തര്‍ക്കും നല്‍കി. പാക്കിസ്ഥാന്‍, മഡഗാസ്‌കര്‍, മെക്‌സിക്കോ, ജപ്പാന്‍, ഇറാക്ക് എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നുള്ള 14 പേരാണ് ഇന്നലത്തെ കണ്‍സിസ്റ്ററിയില്‍ പുതിയ ദൗത്യം ഏറ്റെടുത്തത്. ദൈവത്തിന്റെ ജനതയെ ശുശ്രൂഷിക്കുകയാണു നമുക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയെന്നു ഫ്രാൻസിസ് പാപ്പ പറഞ്ഞു.
സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം പാവങ്ങളെയും പരിത്യക്തരെയും സംരക്ഷിക്കുന്നതില്‍ ഉത്സുകരാവണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ബാഗ്ദാദില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ പുതിയ കര്‍ദ്ദിനാളുമാരുടെ പേരില്‍ മാര്‍പാപ്പയ്ക്കു നന്ദി പറഞ്ഞു. കൺസിസ്റ്ററിക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പുതിയ കര്‍ദ്ദിനാളുമാരോടൊപ്പം എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു. പാപ്പയുടെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇന്ന് വിശുദ്ധ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ പുതിയ കര്‍ദ്ദിനാളുമാര്‍ ഒരുമിച്ച് ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും.