News

പരമ്പരാഗത കുടുംബ മൂല്യങ്ങളെ വളര്‍ത്തുന്ന പദ്ധതിക്കു റഷ്യയില്‍ വന്‍ വിജയം

സ്വന്തം ലേഖകന്‍ 30-06-2018 - Saturday

മോസ്ക്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സാമ്പത്തിക സഹായത്തോടെ യുവജനങ്ങള്‍ക്കിടയില്‍ പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ പ്രചാരണത്തിനും, ബോധവത്കരണത്തിനായുമുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഗര്‍ഭഛിദ്രം, പൂര്‍വ്വവിവാഹ ലൈംഗീകത എന്നീ മൂല്യച്യുതികളെ എതിര്‍ക്കുന്ന യുവജനങ്ങളുടെ എണ്ണം റഷ്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കുടുംബം, സ്നേഹം, സന്തോഷം എന്നിവയെ ആസ്പദമാക്കി ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി തലങ്ങളില്‍ നടത്തിയ ക്ലാസ്സുകളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇതിനോടകം പങ്കെടുത്തത്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അധിഷ്ടിതമായ കുടുംബ മൂല്യങ്ങളോടുള്ള യുവജനങ്ങളുടെ ആഭിമുഖ്യം കൂടിയതായി പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ചോദ്യാവലിയില്‍ ഭൂരിഭാഗം പേരും രേഖപ്പെടുത്തി.

പദ്ധതിയില്‍ പങ്കെടുത്ത 53% പേരാണ് ഗര്‍ഭഛിദ്രത്തെ എതിര്‍ത്തത്. 34% ശതമാനം പേരും വിവാഹത്തിനു മുന്‍പുള്ള ലൈംഗീകതയെ എതിര്‍ത്തു. പാരമ്പര്യ കുടുംബ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് 3% പേര്‍ മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തെ എതിര്‍ത്തിരുന്നത്. എന്നാല്‍ ബോധവത്ക്കരണ ക്ലാസിന് ശേഷം ഗര്‍ഭഛിദ്രത്തെ ഒരിക്കലും അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം 15 ശതമാനമായി ഉയര്‍ന്നുവെന്നത് പദ്ധതിയുടെ വിജയമായി കണക്കാക്കുന്നു. ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഗര്‍ഭഛിദ്രം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു.

2017 ഡിസംബറിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പദ്ധതിക്കായുള്ള സാമ്പത്തിക സഹായം നല്‍കിയത്. ട്യൂമെന്‍ മേഖലയിലെ 102 സ്കൂളുകളില്‍ നിന്നായി ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഉള്‍പ്പെടെ ഏതാണ്ട് 10,000-ത്തോളം പേരാണ് ഈ പദ്ധതിയില്‍ പങ്കെടുത്തത്. പരമ്പരാഗത വിവാഹത്തിന്റെ പ്രാധാന്യം, വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധങ്ങളിലെയും ഗര്‍ഭനിരോധനത്തിലേയും അപകടങ്ങള്‍, ഭ്രൂണഹത്യ എന്ന ക്രൂരതയുടെ ഭീകരത എന്നിവയെക്കുറിച്ചാണ് വിവിധ ക്ലാസുകളില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

പദ്ധതിയില്‍ പങ്കെടുത്തവരില്‍ 85% പേരും വിവാഹേതര ലൈംഗീകബന്ധത്തേയും അനുകൂലിക്കുന്നില്ല എന്ന് രേഖപ്പെടുത്തി. സ്ഥിരവും, ദൈര്‍ഖ്യമുള്ളതുമായ ദാമ്പത്യബന്ധങ്ങളിലാണ് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം കൂടുതലുള്ളതെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു. തങ്ങളുടെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് 60% പേരും കുടുംബം, കുട്ടികള്‍ എന്നിവക്കാണ് പ്രഥമ പ്രാധാന്യം നല്‍കുന്നതെന്നാണ് അഭിപ്രായപ്പെട്ടത്. 20% പേര്‍ ആനന്ദത്തിനും, ജീവിതം ആസ്വാദിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നത്. 8% പേര്‍ ബന്ധങ്ങളിലെ സ്വാതന്ത്ര്യത്തിനു പ്രാധാന്യം വേണമെന്ന്‍ അഭിപ്രായപ്പെട്ടു.

പുറം ലോകത്തേയും, ജീവിതത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റുവാനും, ചിന്തിക്കുവാനും, ചിന്തകളിലെ തെറ്റിദ്ധാരണകളെ നീക്കം ചെയ്യുവാനും ബോധവത്ക്കരണ ക്ലാസ് സഹായകമായെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് മുന്നില്‍ വ്യത്യസ്ഥമായ മാതൃകയുമായാണ് റഷ്യന്‍ പ്രസിഡന്റിന്റെ സഹായത്തോടെയുള്ള പദ്ധതി രാജ്യത്തു വ്യാപിക്കുന്നത്.


Related Articles »