India - 2024

പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെ മുന്നോട്ടു പോകണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 03-07-2018 - Tuesday

കൊച്ചി: സഭ ഇന്നു നേരിടുന്ന വ്യത്യസ്തമായ പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെയും സഭയുടെ കൂട്ടായ്മയിലൂടെയും മുന്നോട്ടുപോകണമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമപ്പുറം, വിശ്വാസത്തില്‍ അടിയുറച്ച ബോധ്യങ്ങള്‍ അനേകരിലേക്കു പകരുകയാണു പ്രേഷിതപ്രവര്‍ത്തനങ്ങളുടെ കാതലെന്നും മാറുന്ന കാലഘട്ടത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രേഷിതവര്യനായ വിശുദ്ധ തോമാശ്ലീഹായുടെ വഴികളെ പുതിയ കാലഘട്ടത്തില്‍ ഫലപ്രദമായി അടയാളപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടു കൂടുതല്‍ സ്‌നേഹവും കരുണയും നമുക്കുണ്ടാകണം. സഭയുടെ തലങ്ങളില്‍ നിന്നു സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്കു പ്രേഷിത ചൈതന്യം വ്യാപിക്കണം. സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ സഭാശുശ്രൂഷകളുടെ നന്മയും പ്രതിഫലിക്കേണ്ടതുണ്ട്. സഭ ഇന്നു നേരിടുന്ന വ്യത്യസ്തമായ പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെയും സഭയുടെ കൂട്ടായ്മയിലൂടെയും നാം മുന്നോട്ടുപോകണം. വിശ്വാസത്തിലും പ്രവര്‍ത്തനങ്ങളിലും തീക്ഷ്ണത അണയാതെ സൂക്ഷിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിച്ചു.

രാവിലെ ഛാന്ദാ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ വിജയാനന്ദ് നെടുംപുറം പതാക ഉയര്‍ത്തി. സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് ആശയവിനിമയം നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ സത്‌ന രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വചനസന്ദേശം നല്‍കി. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആര്‍ച്ച് ഡീക്കനായി. ഉച്ചയ്ക്കുശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി.

കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത്, ബിഷപ്പ് മാര്‍ വിജയാനന്ദ് നെടുംപുറം, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഫാ. മൈക്കിള്‍ കാരികുന്നേല്‍, സിസ്റ്റര്‍ എല്‍സി സേവ്യര്‍, ബിജു പറന്നിലം, ഡോ. കെ.വി. റീത്താമ്മ, അഞ്ജന ട്രീസ ജോസ്, സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


Related Articles »