News - 2025
മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ വൈദികൻ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 05-07-2018 - Thursday
ബംഗുയി: മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ കത്തോലിക്ക വൈദികൻ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംബാരി വികാരി ജനറാളായ മോൺ. ഫിർമിൻ ഗബഗുവെ, രാജ്യത്തെ സമാധാന സംഘടന എന്ന് സ്വയം അവകാശപ്പെടുന്ന സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അത്താഴം കഴിക്കുകയായിരുന്ന ഫാ. ഫിർമിൻ ഗബഗുവെയ്ക്കു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദികനെ വധിച്ച അക്രമികൾക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ ഈ വർഷം വധിക്കപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ.ഗബഗുവെ. കലാപം രൂക്ഷമായ ബംബാരിയിൽ സമാധാനം സ്ഥാപിക്കാൻ അക്ഷീണ പ്രയത്നമാണ് ഫാ. ഫിർമിൻ നടത്തിയിരിന്നത്. സാധാരണക്കാരുടെ ഇടയില്‍ വളരെ പെട്ടെന്ന് തന്നെ സ്വാധീനം നേടിയ അദ്ദേഹത്തിന് നിരവധി പേരുടെ പിന്തുണ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആക്രമണം നടന്നത്. ഫാ. ഗബഗുവെയുടെ വിയോഗം സഭയ്ക്കു തീരാനഷ്ടമാണെന്നും അധികൃതർ അന്വേഷണം ശക്തമാക്കണമെന്നും കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും ദേശീയ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികൾ സംയമനം പാലിക്കണമെന്നും ജാഗ്രതയോടെ വർത്തിക്കണമെന്നും സഭാനേതൃത്വം ആഹ്വാനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കൊല്ലപ്പെട്ട മൂന്നു വൈദികരും രാജ്യത്തു സമാധാന ശ്രമങ്ങൾക്കായി ഏറെ പരിശ്രമിച്ച വൈദികരാണെന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത രാജ്യമായ മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിന്റെ എണ്‍പത് ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. ഇസ്ളാമിക സംഘടനകളില്‍ നിന്നാണ് ക്രൈസ്തവര്‍ക്കു നേരെ കൈയേറ്റ ശ്രമം നടക്കുന്നത്.