News - 2024

അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന്റെ ക്രിസ്തീയതക്ക് ഭീഷണി: ബിഷപ്പ് ഷ്നീഡര്‍

സ്വന്തം ലേഖകന്‍ 06-07-2018 - Friday

മിലാന്‍, ഇറ്റലി: ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന്റെ ക്രിസ്തീയമായ വ്യക്തിത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിഗൂഢ പദ്ധതിയുടെ ഭാഗമാണെന്ന് ഖസാഖിസ്ഥാനിലെ അസ്താന അതിരൂപത സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. ഇറ്റാലിയന്‍ പത്രമായ ‘ഇല്‍ ജിയോര്‍ണാലെ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുസഭ ചൂഷണത്തിനു വിധേയമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ത്ഥി പ്രവാഹമെന്ന പ്രതിഭാസം യൂറോപ്യന്‍ ജനതയുടെ ക്രിസ്തീയവും, ദേശീയവുമായ വ്യക്തിത്വത്തില്‍ മാറ്റം വരുത്തുവാന്‍ അന്താരാഷ്‌ട്ര ശക്തികള്‍ വളരെക്കാലമായി ആലോചിച്ചു തയ്യാറെടുപ്പുകള്‍ നടത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ്. ക്രിസ്ത്യന്‍ വിരുദ്ധ ശക്തികള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി തിരുസഭയുടെ ധാര്‍മ്മികതയേയും, ശക്തമായ ഘടനയേയും വളരെ ഫലപ്രദമായി ഉപയോഗിക്കുകയാണെന്നും മെത്രാന്‍ ഷ്നീഡര്‍ വിവരിച്ചു. ഇതര സഭകളില്‍ നിന്നുള്ളവരുടെ ദിവ്യകാരുണ്യ സ്വീകരണം, ഫ്രാന്‍സിസ് പാപ്പായുടെ അമോരിസ് ലെത്തീസ്യ തുടങ്ങിയവയെ കുറിച്ചും മെത്രാന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

ദൈവത്തിന്റെ ആലയത്തിലേക്ക് ചില വിടവുകളില്‍ കൂടി സാത്താന്റെ പുക പ്രവേശിച്ചിരിക്കുകയാണെന്ന പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ച അദ്ദേഹം ദിവ്യകാരുണ്യമെന്നത് തിരുസഭാംഗങ്ങളുടെ പരിപൂര്‍ണ്ണ ഐക്യമായതിനാല്‍ കത്തോലിക്കാ പ്രബോധനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു. സഭാപ്രബോധനത്തിനനുസൃതമല്ലാത്ത വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നവരെ ദിവ്യകാരുണ്യം സ്വീകരണത്തിനു അനുവദിക്കുന്നത് വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചുള്ള സഭാ നിയമങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »