India - 2024

'കേരള ജിയന്ന' അച്ചാമ്മ ജേക്കബ് അനുസ്മരണം നടത്തി

സ്വന്തം ലേഖകന്‍ 09-07-2018 - Monday

ചങ്ങനാശ്ശേരി: ക്യാൻസർ രോഗത്തെ വെല്ലുവിളിച്ച് 'തന്റെ കുഞ്ഞിനെ കൊന്നിട്ട് ചികിത്സ വേണ്ട' എന്നു പറഞ്ഞു മരണം ഏറ്റുവാങ്ങിയ 'കേരള ജിയന്ന' അച്ചാമ്മ ജേക്കബിന്റെ നാല്പത്തഞ്ചാം ചരമ വാർഷികം മുട്ടാർ കുമരംചിറ സെന്‍റ് തോമസ് പള്ളിയിൽ നടന്നു. 15 വൈദികർ ചേർന്ന് സമൂഹ ബലി അർപ്പിച്ചാണ് ചരമ വാർഷിക ശുശ്രൂഷകള്‍ ആരംഭിച്ചത്. ഉദരത്തില്‍ പന്ത്രണ്ടാമത്തെ കുഞ്ഞിനെ വഹിക്കുന്നതിനിടെയാണ് അച്ചാമ്മ ക്യാൻസർ രോഗബാധിതയാകുന്നത്. ഗർഭം അലസിപ്പിയ്ക്കാതെ ഫലപ്രദമായ ചികിത്സ സാധ്യമല്ലായെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞിനെ കൊല്ലാന്‍ അനുവദിക്കാതെ മരണത്തെ സ്വീകരിക്കുവാന്‍ ആ അമ്മ തയാറാകുകയായിരിന്നു.

രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ എടുത്തുവെങ്കിലും മാസങ്ങൾ കഴിഞ്ഞു അമ്മ മരിച്ചു. റജി പുലിക്കോട് എന്നു പേര് നല്കിയ ആ കുഞ്ഞു പിന്നീട് സലേഷ്യന്‍ സന്യാസ സഭയിൽ ചേർന്ന് വൈദികനായി മാറി. ചരമവാർഷികത്തിൽ ഫാ. റജി പുലിക്കോടിന്റെ മുഖ്യകാമ്മികത്വത്തിലാണ് ബലിയര്‍പ്പണം നടന്നത്.

അച്ചാമ്മ സ്മാരകം മാർ ജോസഫ് പെരുന്തോട്ടം പിതാവ് ആശീർവദിച്ചു. സിമിത്തേരിയിൽ ഒപ്പീസ് പ്രാർത്ഥനയ്ക്കും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. തുടർന്ന് അതിരൂപത പ്രോലൈഫ് കോഓർഡിനേറ്റർ എബ്രഹാം പുത്തൻകളം രചിച്ച 'കേരള ജിയന്ന അച്ചാമ്മ ജേക്കബ്' ലഘു ഗ്രന്ഥം, മാർ പെരുന്തോട്ടം ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ഫാ. ജോസ് മുകളേലിനു നൽകി പ്രകാശനം ചെയ്തു. അച്ചാമ്മയുടെ മക്കളും കുടുംബാംഗങ്ങളും അതിരൂപത പ്രോലൈഫ് സെൽ അംഗങ്ങളുമായി വലിയ സമൂഹമാണ് ശുശ്രൂഷകളില്‍ പങ്കാളികളായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭഛിദ്രം അവഗണിച്ച് മരണം ഏറ്റുവാങ്ങിയ വിശുദ്ധയാണ് ഇറ്റലിയില്‍ നിന്നുള്ള വിശുദ്ധ ജിയാന്ന ബെറെത്ത. ഇതിന്റെ സമാനത കണക്കിലെടുത്താണ് 'കേരള ജിയന്ന' എന്ന പേരില്‍ അച്ചാമ്മ ജേക്കബ് അറിയപ്പെടുന്നത്.


Related Articles »