News - 2025

സര്‍ക്കാര്‍ പദ്ധതിയില്‍ കത്തോലിക്ക ആശുപത്രികളെയും പരിഗണിക്കണം: കെനിയന്‍ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 10-07-2018 - Tuesday

നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയും, നോർത്ത് അമേരിക്കൻ രാജ്യമായ ക്യൂബയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണ കരാർ പ്രകാരമുള്ള പദ്ധതിയില്‍ കത്തോലിക്ക ആശുപത്രികളെയും പരിഗണിക്കണമെന്ന്‍ കെനിയന്‍ ദേശീയ മെത്രാന്‍ സമിതി. ക്യൂബയില്‍ നിന്നു എത്തുന്ന ഡോക്ടർമാരുടെ സേവനം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുന്ന പദ്ധതിയില്‍ രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സഭയുടെ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് കെനിയയിലെ മെത്രാൻ സംഘത്തിന്റെ ആരോഗ്യ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് എംബാറ്റിയയാണ് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടത്.

സഭയുടെ ആശുപത്രികളിലൂടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയാൽ രാജ്യത്തിന്റെ ഒാരോ പ്രദേശത്തുള്ള ജനങ്ങൾക്കും ഗവണ്‍മെന്റിന്റെ ആരോഗ്യ പദ്ധതി കൊണ്ട് ഗുണമുണ്ടാകുമെന്നും ബിഷപ്പ് എംബാറ്റിയ പറഞ്ഞു. എംബു രൂപത ബിഷപ്പ് പോൾ കരൂക്കിയും ഇതേ ആവശ്യം ഉന്നയിച്ചു. ജൂൺ ആറാം തീയതിയാണ് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ കെനിയയിൽ എത്തിയത്. ഇതര ആശുപത്രികളെ അപേക്ഷിച്ച് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന കത്തോലിക്കാ സഭയുടെ ആശുപത്രികൾ ആണ് കെനിയയിലെ ആരോഗ്യ രംഗത്ത് വലിയ മാറ്റം കൊണ്ടു വന്നത്. നിര്‍ധനര്‍ക്കിടയില്‍ നിസ്വാര്‍ത്ഥമായ സേവനമാണ് കാതോലിക്ക സഭ നടത്തുന്നത്.


Related Articles »