News - 2024

യേശു അപ്പം വര്‍ദ്ധിപ്പിച്ച നഗരത്തിന്റെ കവാടങ്ങള്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 10-07-2018 - Tuesday

ജറുസലേം: യേശു ക്രിസ്തു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച നഗരത്തിന്റെ കവാടങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം. ജറുസലേം ജോര്‍ദ്ദാന്‍ പാര്‍ക്കിലെ ബെത്സയിദാ മേഖലയിലെ 'സെര്‍' എന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് 20 പേരടങ്ങുന്ന പുരാവസ്തുഗവേഷക സംഘം വ്യക്തമാക്കിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കണ്ടുപിടിത്തമായാണ് ഗവേഷണത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ജറുസലേമിലെ പുരാവസ്തു മേഖലയില്‍ നടത്തിയ ഉത്ഘനനത്തിനിടയില്‍ തങ്ങള്‍ കണ്ടെത്തിയ ഇഷ്ടിക കൊണ്ടുള്ള നിര്‍മ്മിതി പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന സെര്‍ നഗരകവാടത്തിന്റെ അവശേഷിപ്പുകളാണെന്നും ക്രിസ്തുവിന് മുന്‍പ് ആദ്യ ക്ഷേത്ര കാലഘട്ടമായ ആയിരത്തിനും 586-നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നുമാണ് ഡോ. റാമി അരാവിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷക സംഘം പറയുന്നത്. നിര്‍മ്മിതിയുടെ വലിപ്പം, സമ്പത്ത്, കോട്ടകെട്ടിയുള്ള സുരക്ഷാപരമായ നിര്‍മ്മിതി എന്നിവ സൂചിപ്പിക്കുന്നത് ഇപ്പോഴത്തെ പ്രധാനനഗരമായ ബെത്സയിദാ മേഖലയില്‍ സ്ഥിതിചെയ്തിരുന്ന സെര്‍ നഗരത്തിന്റെ കവാടം തന്നെയായിരുന്നുവെന്നാണ്.

പ്രസ്തുത കാലഘട്ടത്തില്‍ മേഖലയില്‍ അധികം കവാടങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്ന് ഡോ. റാമി അരാവ് പറയുന്നു. ആദ്യക്ഷേത്ര കാലഘട്ടത്തില്‍ നഗരത്തിന്റെ പേര് സെര്‍ എന്നായിരുന്നു. പിന്നീട് രണ്ടാമത്തെ ക്ഷേത്ര കാലഘട്ടത്തിലാണ് നഗരത്തിന്റെ പേര് ‘ബെത്സയിദ’ എന്നാക്കി മാറ്റിയത്. സിദ്ദിം, സെര്‍, ഹമ്മത്ത്, റക്കത്ത്, കിന്നരേത്ത് എന്നീ നഗരങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് ഇത്തരത്തില്‍ കോട്ടകെട്ടി സുരക്ഷിതമാക്കിയിരുന്നതെന്നും ഡോ. റാമി അരാവ് വിവരിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഡോ. റാമി അരാവിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷക സംഘം മേഖലയില്‍ ഘനനം നടത്തി വരികയായിരുന്നു. റോമന്‍ സാമ്രാജ്യകാലത്തെ നാണയങ്ങള്‍, മുത്തുകള്‍, ജഗ്ഗുകള്‍, താക്കോല്‍, പരിച എന്നിവ മേഖലയില്‍ നിന്നും നേരത്തെ കണ്ടെത്തിയിരിന്നു.


Related Articles »